മുന്‍മന്ത്രിയും സിപിഐ നേതാവുമായ പികെ ചാത്തന്‍മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിക്കാനൊരുങ്ങി ബിജെപി
തിരുവനന്തപുരം: മുന്‍മന്ത്രിയും സിപിഐ നേതാവുമായ പികെ ചാത്തന്‍മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. ആദ്യ ഇഎംഎസ് മന്ത്രിസഭയിലെ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രിയായിരുന്നു ചാത്തന്‍മാസ്റ്റര്‍. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട സംസ്ഥാനത്തെ ആദ്യമന്ത്രിയും പികെ ചാത്തന്‍ മാസ്റ്ററാണ്. പട്ടികജാതി വിഭാഗത്തെ കൂടുതല്‍ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ആശയപരമായ ഏതിര്‍പ്പുകള്‍ മാറ്റിവച്ച് ഇടതുമുന്നണി നേതാവിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിക്കാനുള്ള ബിജപി തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിതിന്‍ നബിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുറത്ത് ഈ ആഴ്ച പരിപാടി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനം മാറ്റിവെച്ചിരുന്നു. ഈ മാസം തന്നെ അനുസ്മരണ ചടങ്ങ് നടക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
'ഒരു ഇടതുപക്ഷ രാഷ്ട്രീയനേതാവ് എന്നതിലുപരി ഉപരി, സര്‍ക്കാരുകള്‍ അവഗണിച്ച ഒരു നവോത്ഥാന നേതാവായിരുന്നു ചാത്തന്‍ മാസ്റ്റര്‍. പട്ടികജാതി വിഭാഗത്തില്‍ ചാത്തന്‍ മാസ്റ്ററെപ്പോലെ നിരവധി വ്യക്തികള്‍ ഉണ്ട്, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,' ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി. കേരള പുലയ മഹാസഭയുടെ സ്ഥാപക നേതാവാണ് പികെ ചാത്തന്‍ മാസ്റ്റര്‍. ഇപ്പോള്‍ സംഘടന രണ്ട് വിഭാഗമായെങ്കിലും എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
.jpg)

