'ബിജെപിയുടെ മതവർഗീയരാഷ്ട്രീയത്തോട് ദക്ഷിണേന്ത്യ ഗെറ്റ് ഔട്ട് അടിച്ചു' : മന്ത്രി പിഎ മുഹമ്മദ് റിയാസ്

google news
muhammed riyas

തിരുവനന്തപുരം :  കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബിജെപിയുടെ മതവർഗീയരാഷ്ട്രീയത്തോട് ദക്ഷിണേന്ത്യ ഗെറ്റ് ഔട്ട് അടിച്ചെന്നായിരുന്നു റിയാസിന്‍റെ പ്രതികരണം. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.  കർണാടകയിൽ വർഗ്ഗീയ ശക്തികൾക്കേറ്റ പരാജയം മതേതരത്വവും ജനാധിപത്യവും ആഗ്രഹിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് ആശ്വാസമാണെന്ന് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും ഫേസ്ബുക്കിൽ കുറിച്ചു.

കർണാടകയിലെ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിനെ ഇടത് നേതാക്കളും വലിയ പ്രതീക്ഷയോടെയാണ് സ്വാഗതം ചെയ്യുന്നത്. ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രതികരണം. മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ വന്ന് കർണാടകയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ല.  വർഗ്ഗീയതയോടുളള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി മാജിക്കിനെ നിഷ്പ്രഭമാക്കിയാണ് കോണ്‍ഗ്രസ് കർണ്ണാടകയിൽ വമ്പൻ തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. വോട്ടെണ്ണല്‍ അവസാന മണിക്കൂറിലേക്കെത്തുമ്പോള്‍  ഭരണം ഉറപ്പിച്ച് 137 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. കേവലഭൂരിപക്ഷത്തിനാവശ്യമായ 113 എന്ന മാന്ത്രികസംഖ്യ കോണ്‍ഗ്രസ് ആദ്യ ലാപ്പിൽ തന്നെ കൈപ്പിടിയിലൊതുക്കിയിട്ടുണ്ട്.  നിലവിൽ ബിജെപി  64 സീറ്റുകളിലും ജെ ഡി എസ് 20 സീറ്റുകളിലും മാത്രമാണ് മുന്നേറുന്നത്. ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കർണാടകത്തിൽ  വൻ തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടത്. ബിജെപി ക്യാംപിൽ നിരാശ പ്രകടമാണ്. തോൽവി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ തന്നെ രംഗത്തെത്തി. തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട് പാർട്ടിയിൽ മാറ്റങ്ങൾ വരുത്തുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

Tags