അമിത് ഷായ്ക്ക് നേരെ കരിങ്കൊടി, ഗുരുതര സുരക്ഷാ വീഴ്ചയെന്ന ആരോപണവുമായി ബിജെപി
ബിജെപി നിയമസഭാ കക്ഷി നേതാവും എംഎല്‍എയുമായ ബി ബി ഗോപകുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.
കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചയെന്ന പരാതിയുമായി ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദര്‍ശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ബിജെപി നിയമസഭാ കക്ഷി നേതാവും എംഎല്‍എയുമായ ബി ബി ഗോപകുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ കൊല്ലം ആശ്രാമം മൈതാനത്ത് വിമാനമിറങ്ങി വാഹനവ്യൂഹത്തില്‍ സഞ്ചരിക്കുകയായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നേരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതാണ് വിവാദത്തിന് കാരണമായത്. സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി, വിവിഐപി വാഹനം കടന്നുപോയ വഴിയില്‍ വെറും 50 മീറ്റര്‍ മാത്രം അകലേക്ക് പ്രതിഷേധക്കാര്‍ക്ക് എത്താന്‍ സാധിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. പ്രതിഷേധ സംഘത്തില്‍ കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
വിവിഐപിയുടെ സുരക്ഷാ വലയത്തിലേക്ക് ഇത്തരം ജനപ്രതിനിധികള്‍ അടങ്ങുന്ന സംഘത്തിന് എങ്ങനെ പ്രവേശനം ലഭിച്ചു എന്നത് ഗൗരവമായി പരിശോധിക്കണമെന്ന് ബി ബി ഗോപകുമാര്‍ ആവശ്യപ്പെട്ടു.
.jpg)

