ബിരിയാണി കടം കൊടുത്തില്ല ; തൃശ്ശൂരിൽ മദ്യപ സംഘം ഹോട്ടല്‍ തല്ലിത്തകര്‍ത്തു

google news
sss

തൃശൂര്‍: ബിരിയാണി കടം നല്‍കാത്തതിന് മൂന്നംഗ മദ്യപസംഘം ഹോട്ടല്‍ തല്ലിത്തകര്‍ത്തു. ജീവനക്കാരനെ മര്‍ദിച്ചു. തൃപ്രയാര്‍ ജങ്ഷനു വടക്ക് പ്രവര്‍ത്തിക്കുന്ന കലവറ ഹോട്ടലാണ് ബുധനാഴ്ച രാത്രി മൂന്നംഗ മദ്യപ സംഘം തകര്‍ത്തത്. ഉടമയെ കൈയേറ്റം ചെയ്യുകയും ജോലിക്കാരെ ക്രൂരമായി മര്‍ദിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതര പരുക്കേറ്റ ആസാം സ്വദേശിയായ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടലിലെ ഗ്ലാസുകളും ഫര്‍ണീച്ചറുകളും തകര്‍ത്ത നിലയിലാണ്.

സ്ഥലംവിട്ട അക്രമികളെ പിടികൂടാനായിട്ടില്ല.കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികളും രാത്രികാല പോലീസ് പട്രോളിങ്ങും ഊര്‍ജിതമാക്കണമെന്നും തൃപ്രയാര്‍ നാട്ടിക മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.കെ. സമീര്‍ വലപ്പാട് പോലീസിനു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

Tags