പക്ഷിപ്പനി ; ആലപ്പുഴ ജില്ലയിൽ കൊന്നൊടുക്കൽ നാളെ തുടങ്ങും
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനിബാധിച്ച കേന്ദ്രങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിന് നടപടിയായി. വെള്ളിയാഴ്ച മുതൽ കള്ളിങ് (കൊന്നൊടുക്കൽ) തുടങ്ങുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. രോഗബാധയുണ്ടായ ഒമ്പത് പഞ്ചായത്തിലും ഇതിനുള്ള മുന്നൊരുക്കമായി. രോഗബാധയുടെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയാണ് കൊല്ലുന്നത്. കള്ളിങ് അശാസ്തീയമാണെന്നാണ് കർഷകർ പറയുന്നത്. വളർത്തുന്നവയെ കൊന്നൊടുക്കിയാലും പറന്നുനടക്കുന്ന പക്ഷികളിലൂടെ രോഗബാധ മറ്റിടങ്ങളിലേക്ക് പടരും. കഴിഞ്ഞ തവണ അതുണ്ടായതാണ്.
tRootC1469263">കൊന്നൊടുക്കൽ പരിഹാരമല്ലെന്ന് കഴിഞ്ഞ വർഷത്തെ രോഗബാധ സമയത്ത് തെളിഞ്ഞതാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കള്ളിങ് നടത്തിയിട്ടും ജില്ലയിൽ എല്ലാഭാഗത്തും രോഗബാധയുണ്ടായി. കാക്കകളും മറ്റ് പക്ഷികളും കൂട്ടത്തോടെ ചത്തുവീണ സംഭവങ്ങൾ ജില്ലയിൽ മിക്കയിടത്തുമുണ്ടായെന്നും അവർ ചൂണ്ടിക്കാട്ടുന്നു. തകഴി, കാർത്തികപ്പള്ളി, കുമാരപുരം, കരുവാറ്റ, പുന്നപ്ര സൗത്ത്, പുറക്കാട്, ചെറുതന, നെടുമുടി , അമ്പലപ്പുഴ സൗത്ത് പഞ്ചായത്തുകളിലാണ് ഇത്തവണ രോഗബാധയുണ്ടായിരിക്കുന്നത്.
വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള (കള്ളിങ്) ദ്രുതകർമ സേനകളും അനുബന്ധ ഒരുക്കവും മൃഗസംരക്ഷണ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. തകഴി പഞ്ചായത്തിലെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ 305 വളർത്തുപക്ഷികളും കാർത്തികപ്പള്ളി, കുമാരപുരം പഞ്ചായത്തുകളിലെ 353, കരുവാറ്റയിൽ 665, പുന്നപ്ര സൗത്തിൽ 5672, പുറക്കാട് 4000, അമ്പലപ്പുഴ സൗത്തിൽ 4000, ചെറുതനയിൽ 4500, നെടുമുടിയിൽ 386 വളർത്തുപക്ഷികളും ഉൾപ്പെടെ ഏകദേശം 19881പക്ഷികളെയാണ് കൊന്നുനശിപ്പിക്കേണ്ടത്. കൊല്ലുന്നവയെ തീയിട്ട് നശിപ്പിക്കുന്നതിന് ആവശ്യമായ വിറക്, മറ്റ് ഇന്ധനങ്ങൾ എന്നിവ അതത് ഗ്രാമപഞ്ചായത്തുകളാണ് സംഘടിപ്പിക്കേണ്ടത്.
അതിന് അവർക്ക് ആവശ്യമായ സമയം ലഭിക്കുന്നതിനായാണത്രേ കള്ളിങ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. ദിവസം താമസിക്കുന്തോറും രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. കള്ളിങ് നിർബന്ധമാണെങ്കിൽ അത് എത്രയും വേഗം ചെയ്യുകയാണ് വേണ്ടതെന്ന് കർഷകർ പറയുന്നു. ഡിസംബർ ആദ്യവാരം രോഗബാധയുണ്ടായിട്ടും ഇപ്പോഴാണ് മൃഗസംരക്ഷണ വകുപ്പ് ഉണരുന്നത്. തുടക്കത്തിലേ പ്രതിരോധ മാർഗങ്ങൾ ഒന്നും സ്വീകരിക്കാൻ അധികൃതർ തയാറായില്ല. രോഗം ബാധിച്ചവയിൽ ഭൂരിഭാഗം താറാവുകളും ചത്തുകഴിഞ്ഞു. ഇപ്പോൾ കള്ളിങിനുള്ള പട്ടിക പരിശോധിച്ചാൽ അത് വ്യക്തമാകും. ഇതിനകം ചത്തുകഴിഞ്ഞവയുടെ എണ്ണം 25,000ത്തിന് മുകളിലാണ്.
.jpg)


