കോൺഗ്രസ് എംഎൽഎമാര്‍ സമാനമായ കേസുണ്ടായപ്പോൾ രാജിവെച്ചിട്ടില്ല; മുകേഷിന്റെ രാജിക്ക് തിരക്ക് കൂട്ടേണ്ടതില്ലെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന എം മുകേഷിന്റെ എംഎൽഎ സ്ഥാനത്ത് നിന്നുളള രാജിയിൽ തിരക്ക് കൂട്ടേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നേരത്തെ ലൈംഗിക ആരോപണം നേരിട്ട രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജി വെച്ചിട്ടില്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. അതേസമയം സർക്കാർ നീങ്ങുന്നത് ശരിയായ വഴിയിലാണെന്നും സർക്കാർ സ്ത്രീപക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു.
Also read: പൃഥ്വിരാജ് ദിലീപിന്റെ നോട്ടപ്പുള്ളി, താരസംഘടനയുടെ പ്രസിഡന്റാകാന്‍ അനുവദിക്കില്ല, പണി തുടങ്ങി
എന്നാൽ ബലാത്സംഗ കേസിൽ പ്രതിയായ എംഎൽഎ മുകേഷ് രാജിവെക്കണമെന്നാണ് സിപിഐ ദേശീയ നേതാവ് ആനി രാജയുടെ നിലപാട്. കോൺഗ്രസ് എംഎൽഎമാര്‍ സമാനമായ കേസുണ്ടായപ്പോൾ രാജിവെച്ചിട്ടില്ലെന്നും അതിനാൽ തങ്ങളും രാജിവെക്കില്ലെന്നുമുളള നിലപാട് ശരിയല്ലെന്നും കുറ്റകൃത്യത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാനാവില്ലെന്നും അവർ പറഞ്ഞു. സംസ്ഥാന സർക്കാർ അതിന്റെ ഗൗരവത്തോടെ ഇത് കാണണമെന്നും ആനി രാജ ആവശ്യപ്പെട്ടു.
ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് ലെെംഗികാതിക്രമ പരാതിയില്‍ മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 26ാം തീയതിയാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്.