മതഭ്രാന്തിന്റെ വോട്ട് ഇടതുപക്ഷത്തിന് വേണ്ട,വിശ്വാസികളെ ഒരിക്കലും ശത്രുവായി കാണുന്നില്ല : ബിനോയ് വിശ്വം
കാസർകോട്: മതഭ്രാന്തിന്റെ വോട്ട് ഇടതുപക്ഷത്തിന് വേണ്ടെന്നും യഥാർഥ മതവിശ്വാസികളോട് നല്ല ബന്ധമുള്ളവരാണ് ഇടതുപക്ഷമെന്നും വിശ്വാസികളെ ഒരിക്കലും ശത്രുവായി ഇടതുപക്ഷം കാണുന്നില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാസർകോട് പ്രസ് ക്ലബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിശ്വാസത്തെ മതഭ്രാന്തായി കരുതുന്നവരോട് എന്നുമെതിർപ്പാണ്. ഭൂരിപക്ഷ- ന്യൂനപക്ഷ മതതീവ്രവാദികളോട് ഒരുപോലെ അകലം പാലിച്ചവരാണ് എൽ.ഡി.എഫ്. അത് തുടരുകതന്നെ ചെയ്യുമെന്നും മനുഷ്യപക്ഷത്തുനിൽക്കുന്ന എൽ.ഡി.എഫ് എല്ലാ നല്ല മനുഷ്യരുടെയും വോട്ട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അരമനകളിൽ കേക്കുമായെത്തിയ ബി.ജെ.പി- ആർ.എസ്.എസ് നേതാക്കളുടെ കൈമുത്താൻപോയ ക്രിസ്ത്യൻ മതമേലധ്യക്ഷർക്ക് എഫ്.സി.ആർ.എ ഭേദഗതി ബില്ലിലൂടെ ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് അവരന്നെ് മനസ്സിലായിട്ടുണ്ടാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. വിദേശസംഭാവന നിയന്ത്രിക്കുന്ന എഫ്.സി.ആർ.എ ബിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ക്രിസ്ത്യൻ സഭകളുടെയും മുസ് ലിം ട്രസ്റ്റുകളുടെയും നിയന്ത്രണത്തിലുള്ള ആരോഗ്യ- വിദ്യാഭ്യാസ സ്ഥാപനങ്ങളെയുമാണ്. ബി.ജെ.പിക്ക് കടുത്ത ന്യൂനപക്ഷവിരോധമാണ്.
കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി കോൺഗ്രസിനാണ് ഡീൽ. വടകര, ബേപ്പൂർ മോഡൽ കേലീബി ഡീലാണ് അവരിപ്പോഴും തുടരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ തെളിഞ്ഞ കാര്യമാണത്. അതേസമയം, എൽ.ഡി.എഫിന് ഡീൽ ജനങ്ങളോടാണ്. ബി.ജെപിയുടെ ബന്ധം മൂടിവെക്കാനാണ് രായ്ക്കുരാമാനം അവർ എൽ.ഡി.എഫ്- ബി.ജെ.പി ഡീൽ ആരോപിക്കുന്നത്. ഗോൾവാൾക്കറുടെ വിചാരധാരയുടെ ആശയത്തിൽ പ്രവർത്തിക്കുന്ന തികഞ്ഞ വർഗീയവാദികളായ ബി.ജെ.പിയോട് ഒരു കൂട്ടുകെട്ടിനും എൽ.ഡി.എഫ് ഇതുവരെ പോയിട്ടില്ല. ഇനിയും പോവില്ല. കഴിഞ്ഞ 10 വർഷത്തെ വികസനത്തിന് വോട്ടുതേടുന്ന എൽ.ഡി.എഫ് മൂന്നാം ഊഴത്തിനുള്ള തയാറെടുപ്പിലാണ്. മൂന്നാമതും എൽ.ഡി.എഫ് വരുമെന്നത് യു.ഡി.എഫിനുമറിയാമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
.jpg)


