ബൈക്കുകൾ ട്രെയിനിലെത്തിക്കും; വിമാനത്തിൽ കൂട്ടത്തോടെ പറന്നിറങ്ങി ബൈക്കിൽ കറങ്ങി മോഷണം ; കണ്ണൂരിൽ അഞ്ചുപേർ അറസ്റ്റിൽ

Bikes transported via train; gang flew in, roamed on bikes to commit thefts; five arrested in Kannur.

കണ്ണൂർ: കേരളത്തിൽ വ്യാപകമായി മോഷണം നടത്താൻ പദ്ധതിയിട്ടിരുന്ന അന്തർസംസ്ഥാന മോഷണസംഘത്തിലെ അഞ്ച് പേരെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി. നിലവിൽ നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഉത്തർപ്രദേശ് സ്വദേശികളെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സാഹസികമായി പിടികൂടിയത്.

ഉത്തർപ്രദേശിലെ മീരറ്റ് സ്വദേശികളായ സമീർ, മൊഹ്‌സിൻ, മുഹമ്മദ് സാജിദ് അൻസാരി, മുഹമ്മദ് സാഹിൽ, മോനിഷ് എന്നിവരാണ് അറസ്റ്റിലായത്.നിർമാണം പുരോഗമിക്കുന്ന വീടുകൾ, ചെമ്പ് ഉൾപ്പെടുന്ന വലിയ ജനറേറ്ററുകൾ, ടെലിഫോൺ എക്സ്ചേഞ്ച് ബൂത്തുകൾ എന്നിവയായിരുന്നു സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

എറണാകുളം കളമശ്ശേരി പോലീസ് ഈ സംഘത്തിൽപ്പെട്ടവരെ അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്നാണ് കേരളത്തിലെ വിവിധ ജില്ലകളിൽ കവർച്ച സംഘം വിവിധ ടീമുകളായി ഇറങ്ങിയിട്ടുണ്ട് എന്ന വിവരം ലഭിച്ചത്. തുടർന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ണൂരിൽ അന്വേഷണം ഊർജിതമാക്കുകയും രാത്രിയോടെ കണ്ണൂരിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ കണ്ണൂരിൽ വൻ കവർച്ച ആസൂത്രൻ ചെയ്ത പ്രതികളെ പിടികൂടുകയുമായിരുന്നു.

പ്രതികളിൽ നിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.സംശയം തോന്നാതിരിക്കാൻ നിർമാണ സ്ഥലങ്ങളിലെ തൊഴിലാളികൾ ധരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. ഇത്തരം വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.പ്രതികൾ സാധാരണയായി സംഘങ്ങളായി വിമാനമാർഗം കേരളത്തിലെത്തുകയായിരുന്നു. തുടർന്ന് കുറ്റകൃത്യങ്ങൾ നടത്തുന്നതിനും പ്രാദേശിക യാത്രകൾക്കുമായി ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം ഇരുചക്രവാഹനങ്ങൾ കേരളത്തിലെത്തിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

അറസ്റ്റിലായ സംഘത്തിലെ ചിലർക്കെതിരെ സമാനമായ മോഷണക്കേസുകൾ തൃക്കാക്കര പോലീസ് സ്റ്റേഷനിലും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസ്.-ന്റെ മേൽനോട്ടത്തിലും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരവും  കണ്ണൂർ ടൗൺ എ.സി.പി അസാദ്, കണ്ണൂർ ടൗൺ സി ഐ മഹേഷ്‌ കണ്ടമ്പേത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്തർസംസ്ഥാന മോഷ്ടാക്കളെ പിടികൂടി വൻ കവർച്ചാ നീക്കം തടഞ്ഞത്.

Tags