തൃശൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു
തൃശൂര്‍: പുതുക്കാട് പാലപ്പിള്ളി കാരികുളത്ത് കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. കാരികുളം ചെട്ടിയാന്‍തൊടി അബ്ദുള്‍ സമദിന്റെ മകന്‍ മുഹമ്മദ് റാഫി (38) നാണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രി ഒമ്പതോടെ കാരികുളം 907 ജാറം വഴിയിലായിരുന്നു അപകടം. റോഡിലേക്ക് ചാടിയ കാട്ടുപന്നി ബൈക്കില്‍ പാഞ്ഞുവന്ന് ഇടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് തെറിച്ചുവീണ യുവാവിന്റെ തലക്കാണ് പരുക്കേറ്റത്. നാട്ടുകാര്‍ ചേര്‍ന്ന് മുഹമ്മദ് റാഫിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാഴ്ച മുന്‍പാണ് മുഹമ്മദ് റാഫി ഗള്‍ഫില്‍നിന്ന് വന്നത്. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. മേഖലയിലെ രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യം ഏറെക്കാലമായി നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെയും അധികൃതര്‍ നടപടിയെടുത്തിട്ടില്ല. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശത്ത് പുലിയും കാട്ടാനയും ഭീതി വിതക്കുന്ന സാഹചര്യത്തിലാണ് കാട്ടുപന്നി ശല്യവും പെരുകുന്നത്.അപകടത്തില്‍, യുവാവിന്റെ ചികിത്സ ചെലവുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വനംവകുപ്പ് വഹിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
.jpg)


