13ാം വയസ്സു മുതല്‍ ലഹരി ഉപയോഗം, ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റാന്‍ ശ്രമിച്ച് ബിജു ; പിന്നാലെ പകയില്‍ ക്രൂര കൊലപാതകം

biju

ബിജുവിനെ കൊന്ന് കേസ് ചേട്ടന്റെ തലയില്‍ കെട്ടിവെക്കാനായിരുന്നു ഈ നീക്കം

കോഴിക്കോട് പാളയത്ത് ബന്ധുവായ യുവാവിനെ പ്രതി ദീപക്ക് കൊലപ്പെടുത്തിയത്തിന് പിന്നില്‍ ദീര്‍ഘകാലത്തെ പകയും ലഹരി നല്‍കിയ ക്രൂരതയുമാണെന്ന് പൊലീസ്. ഞായറാഴ്ച രാത്രി ബിജുവിനെ വകവരുത്താന്‍ ദീപക് എത്തിയത് സ്വന്തം സഹോദരന്റെ വെള്ള ടീഷര്‍ട്ട് ധരിച്ചായിരുന്നു. ലഹരി ഉപയോഗത്തെച്ചൊല്ലി വീട്ടില്‍ സ്ഥിരം വഴക്കുണ്ടാക്കാറുള്ള ദീപക്കിന് ചേട്ടനോട് കടുത്ത ശത്രുതയുണ്ടായിരുന്നു.
ബിജുവിനെ കൊന്ന് കേസ് ചേട്ടന്റെ തലയില്‍ കെട്ടിവെക്കാനായിരുന്നു ഈ നീക്കം. രക്തം പുരണ്ട ടീഷര്‍ട്ട് ധരിച്ച് ദീപക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. കൃത്യത്തിനു ശേഷം ഈ ടീഷര്‍ട്ട് ഇയാള്‍ വീടിന് പിന്നിലിട്ട് കത്തിച്ചുകളയുകയും ചെയ്തു.
കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ദീപക്, തൊട്ടടുത്ത ബന്ധുവായിരുന്നിട്ടുപോലും ബിജുവിന്റെ സംസ്‌കാര ചടങ്ങില്‍ മാത്രമാണ് പങ്കെടുക്കാന്‍ എത്തിയത്. ഈ പെരുമാറ്റത്തിലെ പൊരുത്തക്കേടാണ് പൊലീസിന് ദീപക്കിലേക്ക് സംശയം നീളാന്‍ കാരണം. തുടന്ന് വീടുകളിലെത്തി ചോദ്യം ചെയ്തപ്പോള്‍ എതിര്‍പ്പൊന്നും കൂടാതെ ദീപക് കുറ്റം സമ്മതിക്കുകയായിരുന്നു.

13ാം വയസ്സിലാണ് ദീപക് ലഹരിയുടെ ലോകത്തേക്ക് എത്തുന്നത്. പഠനത്തിലും ജീവിതത്തിലും പിന്നാക്കം പോയ ദീപക്കിനെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ ബിജു മുന്‍കൈ എടുത്തിരുന്നു. ഒന്നര വര്‍ഷം മുന്‍പ് കൈയും കാലും കെട്ടിയിട്ട് ദീപക്കിനെ ഡീ-അഡിക്ഷന്‍ സെന്ററിലാക്കാന്‍ നിര്‍ദേശിച്ചത് ബിജുവായിരുന്നു. ഇതോടെ മനസ്സില്‍ കടുത്ത പക വളര്‍ത്തുകയാണ് ദീപക് ചെയ്തത്. ആ പകയാണ് ഒടുവില്‍ ബിജുവിന്റെ ജീവനെടുത്ത കൊലപാതകത്തിലേക്ക് നയിച്ചതും.

Tags