ബിഹാർ സ്വദേശികളുടെ മാസം തികയാതെ പിറന്ന കുഞ്ഞിന് അഞ്ചുദിവസം കൊണ്ട് പാസ്പോർട്ട്
ആലുവ: ബിഹാർ സ്വദേശികളുടെ മാസം തികയാതെ പിറന്ന കുഞ്ഞിന് അഞ്ചുദിവസം കൊണ്ട് പാസ്പോർട്ട്. കൊച്ചി റീജണൽ പാസ്‌പോർട്ട് ഓഫീസ് ആണ് പാസ്‌പോർട്ട് നൽകിയത്. ബിഹാർ മധുബനി സ്വദേശികളായ മുഹമ്മദ് തൻവീർ ആലത്തിന്റെയും ഗസാല അഫ്രോസ് ജഹാന്റെയും മകൻ അബ്ദുൾ റഹ്മാൻ തൻവീറിനാണ് പാസ്‌പോർട്ട് നൽകിയത്. സൗദിയിൽ കിങ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസിൽ ഉദ്യോഗസ്ഥനാണ് മുഹമ്മദ് തൻവീർ. സൗദിയിലെ സ്‌കൂൾ അധ്യാപികയാണ് ഗസാല.
tRootC1469263">വിവാഹം കഴിഞ്ഞ് 16 വർഷമായിട്ടും കുട്ടികൾ ഇല്ലാത്തതിനെ തുടർന്ന് മലയാളി സുഹൃത്തിന്റെ ഉപദേശപ്രകാരമാണ് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഡിസംബർ 20-ന് മകൻ ജനിച്ചു. ഉദരത്തിൽ 33 ആഴ്ച മാത്രമായിരുന്നു ജനിക്കുമ്പോൾ കുഞ്ഞിന് പ്രായം. കുഞ്ഞ് ഇപ്പോഴും എൻഐസിയുവിലാണ്. രണ്ടാഴ്ചത്തെ ലീവിനാണ് മുഹമ്മദ് തൻവീർ കേരളത്തിലെത്തിയത്. ഉടൻതന്നെ മടങ്ങേണ്ടതിനാലാണ് വേഗത്തിൽ പാസ്‌പോർട്ടിനായി അപേക്ഷിച്ചത്.
കൊച്ചി റീജണൽ പാസ്‌പോർട്ട് ഓഫീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചു. അഞ്ച് ദിവസംകൊണ്ട് പാസ്‌പോർട്ട് നൽകി. കൊച്ചി റീജണൽ ഓഫീസിനു കീഴിലുള്ള ആലുവ പാസ്‌പോർട്ട് ഓഫീസിലാണ് മുഹമ്മദ് തൻവീർ മകന്റെ പാസ്‌പോർട്ടിനായി അപേക്ഷ നൽകിയത്. അസി. പാസ്‌പോർട്ട് ഓഫീസർ ഷിബു ജോണിന്റെ നേതൃത്വത്തിലാണ് വിവരം കൊച്ചിയിൽ അറിയിച്ചത്. റീജണൽ പാസ്‌പോർട്ട് ഓഫീസർ പി.ആർ. ദിപിന്റെ നിർദേശത്തിൽ തുടർനടപടി സ്വീകരിച്ച് കുഞ്ഞിന് പാസ്‌പോർട്ട് അനുവദിക്കുകയായിരുന്നു. ആശുപത്രിയിൽനിന്ന് വിടുതൽ ലഭിച്ചാൽ കുഞ്ഞുമായി സൗദി അറേബ്യയിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുകയാണ് മുഹമ്മദ് തൻവീറും കുടുംബവും.
.jpg)


