പാലക്കാട് റെയിൽവേ ട്രാക്കിൽ, ഭാരമുള്ള വസ്തുക്കൾ വെച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം : ബീഹാർ സ്വദേശി പിടിയിൽ
പാലക്കാട്: റെയിൽവേ ട്രാക്കിൽ, ഭാരമുള്ള വസ്തുക്കൾ വെച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ബീഹാർ സ്വദേശിയായ ഷുക്ലാൽ മരാരിയെ (24) ആർ.പി.എഫ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ഒറ്റപ്പാലം, ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മൂന്ന് ഭാഗത്തായാണ് ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തിയത്. മാന്നനൂർ, കാരക്കാട് എ ക്യാബിൻ പരിസരം എന്നിവിടങ്ങളിൽ നിന്ന് കോൺക്രീറ്റ് സ്ലാബ്, റെയിൽ കഷണം, കട്ട പിടിച്ച സിമന്റ് ചാക്ക് എന്നിവ കണ്ടെടുത്തു.
പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്നും ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. കറുത്ത പാന്റും പച്ച ചെക്ക് ഷർട്ടും ധരിച്ച യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കു ഭാഗത്തെ ഓവർബ്രിഡ്ജിന് താഴെ നിന്നാണ് യുവാവിനെ പിടികൂടിയത്.
ജോലി ലഭിക്കാത്തതിലെ നിരാശമൂലവും സമൂഹത്തോടുള്ള വിദ്വേഷം കാരണവുമാണ് കൃത്യം ചെയ്തതെന്ന് യുവാവ് മൊഴി നൽകി. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ആർ.പി.എഫ് ഇൻസ്പെക്ടർമാരായ എൻ. കേശവദാസ്, യു. രമേശ്കുമാർ, ഷാജു തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
.jpg)


