ബേപ്പൂരിൽ തനിക്ക് കക്ഷി രാഷ്ട്രീയഭേദമന്യേ വോട്ട് ലഭിക്കും : മുഹമ്മദ് റിയാസ്
കോഴിക്കോട്: ബേപ്പൂരിൽ തനിക്ക് കക്ഷി രാഷ്ട്രീയഭേദമന്യേ വോട്ട് ലഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ വോട്ട് തനിക്ക് ലഭിക്കുമെന്നും മൂന്ന് റൗണ്ട് പ്രചാരണം പൂർത്തിയാക്കിയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നടന്ന വികസനപ്രവർത്തനങ്ങൾ എല്ലാം നാട് ആവശ്യപ്പെട്ട കാര്യങ്ങളാണ്. ആളുകൾ ഇതിൽ സംതൃപ്തരാണ് എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
രാഷ്ട്രീയപ്രവർത്തനം എന്നാൽ ആശയപരമായ സംവാദമാണെന്നും എല്ലാ നേതാക്കളോടും തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നും റിയാസ് പറഞ്ഞു. രാഹുൽ ഗാന്ധിയോടും തനിക്ക് രാഷ്ട്രീയമായ അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പിതൃത്വം താൻ ഇതുവരെ ചോദ്യം ചെയ്‌തിട്ടിട്ടില്ല എന്നും അൻവറിനെ ഉന്നമിട്ട് റിയാസ് പറഞ്ഞു. പാണക്കാട് തങ്ങളുടെ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തെ താൻ ആക്ഷേപിച്ചിട്ടില്ല. യൂത്ത് ലീഗിന്റെ നിലവാരമേ തങ്ങൾക്കുള്ളൂ എന്ന അധിക്ഷേപവും താൻ നടത്തിയിട്ടില്ല. അടുത്തിടെയുണ്ടായ വിവാദത്തിലും താൻ ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് പറഞ്ഞത്. രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയം തന്നെ പറയണമെന്നും റിയാസ് പറഞ്ഞു.
.jpg)


