കുട്ടികൾക്കും സ്ത്രീകൾക്കും ആരോഗ്യ മേഖലയിൽ മികച്ച പരിഗണന: മന്ത്രി വീണാ ജോർജ്

google news
veena george

സംസ്ഥാനത്ത് സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ സേവനത്തിന് സർക്കാരും ആരോഗ്യവകുപ്പും വലിയ മുൻതൂക്കവും പരിഗണനയുമാണ് നൽകി വരുന്നതെന്ന് ആരോഗ്യ, വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവനന്തപുരം, തൈക്കാട് ഗവൺമെന്റ് ആശുപത്രിയിലെ  ഇമ്മ്യൂണോ അസ്സെ അനലൈസറിന്റെയും ഫുള്ളി ഓട്ടോമാറ്റഡ് ബയോകെമിസ്ട്രി അനലൈസറിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  ജന്മനാൽ ഉണ്ടാകുന്ന വളർച്ചാ പരിമിതികളും വളർച്ചാ കാലഘട്ടത്തിലെ താമസവും നേരിടുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സയും വിവിധ തെറാപ്പികളും നൽകുന്ന കേന്ദ്രമാണ് ജില്ലാ ഏർളി ഇന്റർവെൻഷൻ സെന്റർ അഥവാ ഡി.ഇ.ഐ.സി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെന്ന നിലയിലാണ് സ്ഥലം എം എൽ എ കൂടിയായ മന്ത്രി ആന്റണി രാജുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഡി ഇ ഐ സി ക്കായി തുക  അനുവദിച്ചത്. നിലവിൽ നവീന സാങ്കേതിക  സൗകര്യങ്ങൾ ലാബുകൾ എന്നിവ ഡി ഇ ഐ സി യുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്.

ഇമ്മ്യുണോ അസ്സെ അനലൈസർ മെഷീൻ  പ്രവർത്തനമാരംഭിക്കുന്നതോടെ സാധാരണ ജനങ്ങൾക്ക് മിതമായ നിരക്കിൽ നിരവധി ടെസ്റ്റുകൾ ചെയ്യാൻ സാധിക്കും. 20 ലക്ഷത്തോളം വിലയുള്ള ഇമ്മ്യൂണോ അസ്സെ അനലൈസറിലൂടെ സാധാരണ ടെസ്റ്റുകൾ കൂടാതെ പ്രാരംഭഘട്ട ക്യാൻസർ കണ്ടെത്തുന്നതിനുള്ള ടെസ്റ്റുകൾ, തൈറോയ്ഡ് ടെസ്റ്റ്, കുട്ടികളിലെ ഹോർമോൺ അളവ്, സാംക്രമിക രോഗനിർണയ പരിശോധനകൾ എന്നിവകൂടി നടത്താവുന്നതാണ്. ആരോഗ്യ വകുപ്പ് പ്ലാൻ ഫണ്ടിൽ 15 ലക്ഷത്തോളം രൂപ വകയിരുത്തിയാണ് ഫുള്ളി ഓട്ടോമാറ്റഡ് ബയോകെമസ്ട്രി അനലൈസർ സജ്ജീകരിച്ചിട്ടുള്ളത്. ആരോഗ്യ മേഖലക്കായി തുക ചെലവഴിക്കാൻ സന്നദ്ധമായതിന് സ്ഥലം എം എൽ എ കൂടിയായ ഗതാഗത മന്ത്രി ആന്റണി രാജുവിനോട് നന്ദി അറിയിക്കുന്നതായും മന്ത്രി വീണ ജോർജ് പറഞ്ഞു.

ഗതാഗത മന്ത്രി  ആന്റണി രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.റീന കെ ജെ , കൗൺസിലർമാരായ മാധവദാസ് ജി.കൃഷ്ണകുമാർ എസ്, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.വി മീനാക്ഷി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ, സൂപ്രണ്ട് ശാന്ത കെ കെ , ഡോ. ആശ വിജയൻ , ഡോ. ഉഷ എൻ തമ്പാനൂർ രാജീവ് എന്നിവർ സംബന്ധിച്ചു

Tags