ടൂറിസ്റ്റ് ബസിൽ ബംഗളൂരുവിൽനിന്ന് യാത്ര ; ബാഗിലെ രഹസ്യ അറയിൽ നിന്ന് പിടികൂടിയത് 20 കിലോ കഞ്ചാവ്

Journey from Bengaluru by tourist bus; 20 kg of cannabis seized from a secret compartment in a bag.

 നെടുമ്പാശ്ശേരി : ദീർഘദൂര ടൂറിസ്റ്റ് ബസ്സിൽ യാത്രക്കാരെന്ന വ്യാജേന കഞ്ചാവ് കടത്തിയ മൂന്നംഗസംഘം പിടിയിൽ. ഇവരിൽനിന്ന് 20 കിലോ കഞ്ചാവ് കണ്ടെടുത്തു.

പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ ഫിറോജ് മിയ(44), ബാബർ അലി (32), മണിപ്പൂർ സ്വദേശി നരേഷ് ദാസ് (72) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നൂറൽ ജില്ല ഡാൻസാഫ് ടീമും, നെടുമ്പാശ്ശേരി പൊലീസും ചേർന്ന് ബുധനാഴ്ച രാവിലെ 9.30ഓടെയായിരുന്നു പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരായിരുന്നു മൂവരും.

ബസ് തടഞ്ഞ് നിർത്തിയാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ബാബർ അലിയുടെയും ഫിറോജിന്റെയും ബാഗുകളിൽ നിന്ന് എട്ട് പാക്കറ്റും നരേശ് ദാസിൻ്റെ ബാഗിൽ നിന്ന് മൂന്ന് പാക്കറ്റുമാണ് പിടികൂടിയത്. മൂവരുടേയും ബാഗുകളിലെ രഹസ്യ അറകളിൽ ആർക്കും സംശയം തോന്നാത്ത വിധം 19 പൊതികളിലാക്കി അതീവ രഹസ്യമായിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ടൂറിസ്റ്റ് ബസിലെ മറ്റ് യാത്രക്കാരെ വേറെ വാഹനങ്ങളിൽ കയറ്റി വിട്ടു. തുടർന്ന് പ്രതികളെ തൊട്ടടുത്ത ആളൊഴിഞ്ഞ സ്ഥാപനത്തിലെത്തിച്ച് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. ബാബർ അലിയും ഫിറോജ് മിയയും ഇതിന് മുമ്പും കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. 

Tags