ഓണ സമ്മാനം ; ബംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിൻ‌റെ സീറ്റുകളുടെ എണ്ണം ഉയർത്തി

vande bharat

ബംഗളൂരു: ബംഗളൂരു-എറണാകുളം വന്ദേ ഭാരത് എക്സ്പ്രസിന് ഓണം ആനുകൂല്യമായി സീറ്റുകളുടെ എണ്ണം 530 ൽ നിന്ന് 1,128 ആയി ഉയർത്തി. ബംഗളൂരു-എറണാകുളം വന്ദേ ഭാരത് എക്സ്പ്രസിനായി 16 കോച്ച് റേക്ക് വിന്യസിക്കാൻ റെയിൽവേ ബോർഡ് അംഗീകാരം നൽകി. ഉത്സവ സീസണിനായി നാട്ടിലേക്ക് പോകുന്ന നൂറുകണക്കിന് പ്രവാസികൾക്കും വിദ്യാർഥികൾക്കും ഇതോടെ യാത്ര സുഖകരമാകും.

ഉത്സവ സീസണുകൾ കണക്കിലെടുത്ത് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചതിനാലാണ് തീരുമാനം. ആഗസ്റ്റ് 21 നും ആഗസ്റ്റ് 22 നും ബംഗളൂരു-എറണാകുളം റൂട്ടിലെ ചെയർ കാർ സർവിസിനായുള്ള വെയിറ്റിങ് ലിസ്റ്റ് ഇതിനകം 100 കവിഞ്ഞതായി റിപ്പോർട്ടുകൾ പുറത്തു വന്നു. ആഗസ്റ്റ് 29 നും ആഗസ്റ്റ് 31 നും ഇടയിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള മടക്ക യാത്രകൾക്കുള്ള ടിക്കറ്റുകൾ പൂർണ്ണമായും ലഭ്യമല്ല.

സീറ്റ് വർധന പ്രാബല്യത്തിൽ വരുന്നതോടെ തടസ്സങ്ങൾ നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. ട്രെയിൻ സമയക്രമം: ബംഗളൂരു - എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് (26651) എല്ലാ ദിവസവും (ബുധനാഴ്ചകൾ ഒഴികെ) രാവിലെ 5.10 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് (ഇ.ആർ.എസ്) എത്തിച്ചേരും. എറണാകുളം - ബംഗളൂരു (26652): ഉച്ചക്ക് 2.20 ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബംഗളൂരുവിൽ എത്തിച്ചേരും. 

Tags