പാലക്കാട് മൂലത്തറയിൽ ഭിക്ഷക്കാരനെ തല്ലിക്കൊന്ന സംഭവം ; അന്വേഷണം ശക്തമാക്കി മീനാക്ഷിപുരം പൊലീസ്

Be careful during the Onam rush..! nucklays-breaking gang active; Wayanad Police warns

 പാലക്കാട്: മൂലത്തറ ഡാമിന് സമീപം വിജനമായ പ്രദേശത്തുനിന്ന് കണ്ടെത്തിയ മൃതദേഹം കൊലപാതകത്തിന്റേതെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണം ശക്തമാക്കി മീനാക്ഷിപുരം പൊലീസ്. ഭിക്ഷാടനത്തിലേർപ്പെട്ടിരുന്ന ഒരാളാണ് ക്രൂരമായ മർദനമേറ്റ് മരിച്ചതെന്നാണ് വിവരം. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചയാളുടെ പേരും മറ്റ് വിവരങ്ങളും ഇതുവരെ വ്യക്തമായിട്ടില്ല.

രണ്ടുദിവസം മുമ്പാണ് മൂലത്തറ ഡാമിന് സമീപത്തുനിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. തുടർനടപടികളുടെ ഭാഗമായി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പരിശോധനയിലാണ് ഇയാൾ ക്രൂരമായ മർദനത്തിന് ഇരയായതായും മരണം കൊലപാതകമാണെന്നും വ്യക്തമായത്. തുടർന്ന് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

യുവാക്കൾ മദ്യപിക്കാനായി എത്തിയ സമയത്ത് ഭിക്ഷാടനത്തിലേർപ്പെട്ടിരുന്നയാൾ അവിടെയെത്തിയതും തുടർന്ന് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായതുമാകാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തർക്കം പിന്നീട് മർദനത്തിലേക്ക് നീങ്ങിയതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. എന്നാൽ സംഭവത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കസ്റ്റഡിയിലുള്ളവരുടെ പേരുവിവരങ്ങൾ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മരിച്ചയാളെ തിരിച്ചറിയുന്നതിനും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമായി കണ്ടെത്തുന്നതിനുമായി അന്വേഷണം തുടരുകയാണ്. സി.സി.ടി.വി. ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമായിരിക്കും കേസിൽ കൂടുതൽ വ്യക്തത വരിക.

Tags