മാട്ടിറച്ചി വില 500-ലേക്ക് ; കേരളത്തിലെ മാംസവിപണി കടുത്ത പ്രതിസന്ധിയിൽ

Beef prices at record high, traders and consumers worried

 ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലികളുടെ വരവ് നിലച്ചതോടെ കേരളത്തിലെ മാംസവിപണി കടുത്ത പ്രതിസന്ധിയിൽ. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ വില വർധിച്ചതും, മാടുകളുമായി എത്തുന്ന ലോറികൾ ‘ഗോ സംരക്ഷണ സേന’ എന്ന പേരിൽ വ്യാപകമായി തടഞ്ഞു വെച്ച് പിടിച്ചെടുക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തിൽ കോട്ടയം, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ച മുതൽ ഒൻപത് ദിവസത്തേക്ക് ഇറച്ചിക്കടകൾ അടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചു. പലയിടങ്ങളിലും മാട്ടിറച്ചി വില കിലോയ്ക്ക് 500 രൂപയായി ഉയർന്നു.

പ്രതിമാസം ഒന്നര ലക്ഷത്തോളം മാടുകൾ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ കാൽ ലക്ഷമായി കുറഞ്ഞെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സർട്ടിഫിക്കറ്റ് നൽകുന്നത് ഓൺലൈനാക്കിയപ്പോൾ ചില സംസ്ഥാനങ്ങൾ അത് നൽകാൻ വിസമ്മതിച്ചത് പ്രശ്നം രൂക്ഷമാക്കി. ആന്ധ്ര സർക്കാർ സർട്ടിഫിക്കറ്റ് നൽകുന്നത് നിർത്തിവെച്ചതും ലോറികൾ പിടിച്ചെടുക്കുന്നതിന് കാരണമായി. മെയ് മാസത്തിൽ മാത്രം ഇത്തരത്തിൽ 20 ലോറികൾ പിടിച്ചെടുത്തു. പിടിച്ചെടുക്കുന്ന കന്നുകാലികളെ ഗോശാലകളിലേക്ക് മാറ്റുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇവ പിന്നീട് മറിച്ചുവിൽക്കുന്നതായും ഇറച്ചി കയറ്റി അയക്കുന്നതായും ആരോപണമുണ്ട്. കൂടാതെ, ലോറി ഡ്രൈവർമാർക്ക് മർദ്ദനമേൽക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഈ ക്ഷാമം മുതലെടുത്ത് ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഗുണനിലവാരമില്ലാത്ത ‘ഫ്രോസൺ’ ഇറച്ചി തീവണ്ടികളിലും മറ്റുമായി കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇത് നിയന്ത്രിക്കാൻ നിലവിൽ സംവിധാനങ്ങളൊന്നുമില്ല. അതേസമയം, മൃഗസംരക്ഷണ വകുപ്പിന്റെ ചട്ടപ്രകാരം കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന വ്യവസ്ഥകളുണ്ട്. ഓരോ മൃഗത്തിന്റെയും ആരോഗ്യ സർട്ടിഫിക്കറ്റ്, നിശ്ചിത എണ്ണം മൃഗങ്ങൾ മാത്രം (6 വലിയ മൃഗങ്ങൾ അല്ലെങ്കിൽ 12 കിടാക്കൾ), തീറ്റയും വെള്ളവും ഉറപ്പാക്കൽ തുടങ്ങിയ നിയമങ്ങൾ പല വ്യാപാരികളും പാലിക്കുന്നില്ലെന്നും പരാതിയുണ്ട്. നിയമവിരുദ്ധമായ രീതിയിൽ മൃഗങ്ങളെ കുത്തിനിറച്ച് കൊണ്ടുവരുന്നതും അമിതഭാരവും കാരണം ആർ.ടി.ഒ പരിശോധനകളിലും ലോറികൾ പിടിച്ചെടുക്കുന്നുണ്ട്.

Tags