ജൂലൈ 5 മുതൽ ബീഫിന് വില കൂടും
കോഴിക്കോട്: ജില്ലയിൽ ബീഫ് വില വർധിപ്പിക്കാൻ ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ചു. എല്ലുള്ളതിന് കിലോക്ക് 400 രൂപയും എല്ലില്ലാത്ത ഇറച്ചി കിലോക്ക് 460 രൂപയുമായി വർധിക്കും. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ല ജനറൽ ബോഡി യോഗമാണ് വിലവർധിപ്പിക്കാൻ തീരുമാനിച്ചത്. നിലവിൽ എല്ലുള്ളതിന് 340 രൂപയും എല്ലില്ലാത്തതിന് 360 രൂപയുമായുമാണ് വില.
കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കന്നുകാലികൾക്ക് അനിയന്ത്രിതമായി വില വർധിച്ചതും മാംസ വ്യാപാര മേഖലയിലെ ഉപോത്പ്പന്നങ്ങളായ തുകൽ, എല്ല്, നെയ്യ് എന്നിവയിക്കുണ്ടായ വിലയിടുവുമാണ് വില വർധിപ്പിക്കാൻ നിർബന്ധിതരാക്കിയതെന്ന് ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ. സാദിഖ് പറഞ്ഞു. ചെലവൂർ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയിത്തിൽ ചേർന്ന യോഗത്തിൽ ജില്ല പ്രസിഡന്റ് കെ.പി. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ജംഷീർ, ജില്ല സെക്രട്ടറി അബ്ദുൾ ഗഫൂർ, ട്രഷറർ ഇസ്ഹാക്ക് മൂഴിക്കൽ, അബ്ദുൽ ഹമീദ്, റഊഫ് പൊറ്റമ്മൽ, അഷറഫ് കടലുണ്ടി, നാസർ കല്ലായി, മനാഫ് പന്നിയങ്കര, നൗഫൽ പറമ്പത്ത്, ലിബാസ് തടമ്പാട്ട് താഴം എന്നിവർ സംസാരിച്ചു.
സംസ്ഥാനത്ത് മുമ്പ് ഇറച്ചിക്കും വില വർധിച്ചിരുന്നു. ട്രോളിങ് നിരോധനം കാരണം മത്സ്യത്തിനും തൊട്ടാൽ പൊള്ളുന്ന വിലയായിരിക്കുകയാണ്. പാൽ പച്ചക്കറി തുടങ്ങി സാധാകരണക്കാരുടെ ദൈനംദിന ജീവിതത്തിലെ എല്ലാത്തിൻറെയും വില കൂടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇതിനിടയിലാണ് ഇപ്പോൾ ബീഫിൻറെയും വില വർധനവ്.
.jpg)

