നാലുവർഷ ബി.എഡ്: അറിയേണ്ടതെല്ലാം
Mar 8, 2025, 18:41 IST


നാലുവര്‍ഷത്തെ പഠനത്തില്‍ക്കൂടി ബിരുദവും ബാച്ചിലര്‍ ഓഫ് എജുക്കേഷന്‍ (ബി.എഡ്.) ബിരുദവും നേടാന്‍ അവസരമൊരുക്കുന്ന പ്രോഗ്രാമാണ് ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാം അല്ലെങ്കില്‍ ഐ.ടി.ഇ.പി. 2025 അക്കാദമിക് സെഷനിലെ നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമിലേക്കുള്ള ദേശീയ പ്രവേശനപ്പരീക്ഷയായ നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന്റെ (എന്‍.സി.ഇ.ടി) വിജ്ഞാപനം വന്നിരിക്കുകയാണ്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പൊതുപ്രവേശനപ്പരീക്ഷ നടത്താനുള്ള ചുമതല.
തിരഞ്ഞെടുത്ത കേന്ദ്ര/സംസ്ഥാന സര്‍വകലാശാലകള്‍, ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളായ ഐ.ഐ.ടി., എന്‍.ഐ.ടി., റീജണല്‍ എജുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളിലായി അധ്യാപനകോഴ്സ് ചെയ്യാനാണ് അവസരം.
സ്ഥാപനങ്ങള്‍
ദേശീയ പ്രാധാന്യമുള്ള 64 സ്ഥാപനത്തിലായി ആകെ 6100 സീറ്റുകളുണ്ട്. കേരളത്തിലും പഠനത്തിന് അവസരമുണ്ട്.
കേരളത്തില്‍ പ്രധാനമായും മൂന്ന് സ്ഥാപനത്തിലേക്കാണ് പ്രവേശനം.
1) കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി - ബി.എസ്സി. ബി.എഡ്. - സീറ്റ് 50 (ഒരു യൂണിറ്റ്)
2) കേന്ദ്ര സംസ്‌കൃത സര്‍വകലാശാല (ഗുരുവായൂര്‍ കാംപസ്) - ബി.എ. ബി.എഡ്. - സീറ്റ് 100 (2 യൂണിറ്റ്)

3) കേന്ദ്ര സര്‍വകലാശാല (പെരിയ) - ബി.എസ്സി. ബി.എഡ്., ബി.എ. ബി.എഡ്., ബി.കോം. ബി.എഡ്. - ഓരോ കോഴ്സിനും 50 സീറ്റുവീതം.
കേരളത്തിലെ പല സര്‍വകലാശാലകളും 2025 അക്കാദമിക് വര്‍ഷം ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാം ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന് സമര്‍പ്പിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തോടെ ചില സ്ഥാപനങ്ങളും കോഴ്‌സ് തുടങ്ങാന്‍ സാധ്യതയുണ്ട്.