സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കുക, കര്‍ശന നിരീക്ഷണത്തില്‍ പോലീസ്
യമവിരുദ്ധ ഉള്ളടക്കം നീക്കം ചെയ്യാതിരിക്കുകയോ വ്യാജവാർത്ത പ്രചരിപ്പിക്കാൻ കൂട്ടുനില്‍ക്കുകയോ ചെയ്താല്‍ അഡ്മിൻമാർക്കും നിയമനടപടി നേരിടേണ്ടി വരാം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പോലീസ്.സംസ്ഥാനത്ത് സോഷ്യല്‍ മീഡിയയെ കർശനമായി നിരീക്ഷിച്ചു വരികയാണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന ഏത് കാര്യത്തിലും പോലീസ് ഉടനടി നടപടിയെടുക്കും.ജാതി, മതം, വർഗ്ഗം, കമ്മ്യൂണിറ്റി എന്നിവയുടെ പേരില്‍ വിദ്വേഷം പരത്തുന്ന സന്ദേശങ്ങള്‍ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ഇത് നിയമപരമായി കുറ്റകരമാണ്. സ്ഥിരീകരിക്കാത്ത വാർത്തകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പോലീസ് ആവശ്യപ്പെടുന്നു.
വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളിലെ ഗ്രൂപ്പുകളിലെ മെസ്സേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ അഡ്മിൻമാർ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണമെന്ന് പോലീസ് ജാഗ്രതപ്പെടുത്തുന്നു. എഐ, ഡീപ്പ്ഫേക്ക് ഉള്ളടക്കം പ്രചരിപ്പിക്കരുത്. എഐ ചിത്രങ്ങളും വീഡിയോകളും "AI-Generated" എന്ന ലേബല്‍ ഇല്ലാതെ പ്രചരിപ്പിക്കരുത്. ഇത്തരം കണ്ടന്റുകളിലൂടെ സംശയാസ്പദമായ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ പങ്കുവെച്ചാല്‍ നിയമ നടപടി നേരിടേണ്ടി വരും.
വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് ആരംഭിക്കുന്ന സൈലൻസ് പിരീഡില്‍ യാതൊരു വിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ അനുവദനീയമല്ല. നിയമവിരുദ്ധ ഉള്ളടക്കം നീക്കം ചെയ്യാതിരിക്കുകയോ വ്യാജവാർത്ത പ്രചരിപ്പിക്കാൻ കൂട്ടുനില്‍ക്കുകയോ ചെയ്താല്‍ അഡ്മിൻമാർക്കും നിയമനടപടി നേരിടേണ്ടി വരാം. ഉത്തരവാദിത്വത്തോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നും, ശരിയായ വിവരങ്ങള്‍ മാത്രം പങ്കുവെക്കണമെന്നും പോലീസ് അറിയിച്ചു.
.jpg)


