കേന്ദ്രസംഘത്തിന്റെ വലയില്‍ വവ്വാലുകള്‍ കുടുങ്ങി; വൈറസുണ്ടോ എന്ന് പരിശോധിക്കും

google news
nipah

നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനായി കേന്ദ്രസംഘം മരുതോങ്കരയില്‍ വച്ച വലയില്‍ രണ്ടു വവ്വാലുകള്‍ കുടുങ്ങി. ഇന്ന് വൈകിട്ടോടെയാണ് രണ്ടു വവ്വാലുകളെ വലയില്‍ കുടുങ്ങി കിട്ടിയത്. ഇവയില്‍ വൈറസുണ്ടോ എന്ന് പരിശോധിക്കും. ശനിയാഴ്ച ജാനകിക്കാട് മേഖലയിലും വല വിരിക്കാന്‍ തീരുമാനമായിട്ടുണ്ട്.

കുറ്റ്യാടി മരുതോങ്കരയില്‍ നിപ ബാധിച്ച് മരിച്ച മുഹമ്മദാലിയുടെ വാഴത്തോട്ടത്തിലാണ് വലവിരിച്ചത്. മുഹമ്മദലിയുടെ തറവാട് വീട് സന്ദര്‍ശിച്ച സംഘം, രോഗ ബാധയേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം ഏര്‍പ്പെട്ടിരുന്ന ജോലിയും മറ്റു വിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിഞ്ഞു. തറവാട് വീടിന് സമീപത്തെ വാഴ തോട്ടത്തില്‍ നിന്ന് മുഹമ്മദി വാഴക്കുല വെട്ടിയതായി വീട്ടുകാര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇവിടെ വലവിരിച്ചത്. വവ്വാല്‍ സര്‍വ്വേ ടീം അംഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റര്‍ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞന്‍ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. ഹനുല്‍ തുക്രല്‍, എം. സന്തോഷ് കുമാര്‍, ഗജേന്ദ്രസിംഗ് എന്നിവരാണ് സംഘത്തിലുള്ളത് . ജില്ലാ മെഡിക്കല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട്, കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.

Tags