ബത്തേരി കോളിയാടി സ്‌കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

shigella

കൽപ്പറ്റ: വയനാട് ബത്തേരി കോളിയാടി സ്‌കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഇതോടെ ഷിഗെല്ല സ്ഥിരീകരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി. സ്കൂളിലെ കിണറ്റിലെ വെളളത്തിന്റെ പരിശോധനാ ഫലം നാളെ ലഭിക്കുമെന്നും ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 68-ൽ നിന്ന് 38 ആയി കുറഞ്ഞെന്നും മുരളീധരൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിസരം വൃത്തിയാക്കുന്ന കാര്യങ്ങൾ വേഗത്തിലാക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ഹോട്ടലുകളിലും തട്ടുകടകളിലും കർശന പരിശോധന നടത്തുമെന്നും തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് കോളിയാടി മാർ ബസേലിയോട് എ യു പി സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സുൽത്താൻ ബത്തേരിയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്ന വിദ്യാർത്ഥികളുടെ പരിശോധനാ ഫലമാണ് പുറത്തുവന്നത്. പനി, വയറിളക്കം, ഛർദ്ദി എന്നീ ലക്ഷണങ്ങളോടെയാണ് വിദ്യാർത്ഥികൾ ആശുപത്രികളിൽ ചികിത്സ തേടിയത്. ഷിഗെല്ല സ്ഥിരീകരിച്ചതോടെ കോളിയാടി മാർ ബസേലിയോസ് സ്‌കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.

ജില്ലയിലെ സ്‌കൂളുകളിലെ കിണറുകളിലെ വെള്ളത്തിന്റെ കൃത്യമായ പരിശോധന നടത്താനും ക്ലോറിനേഷൻ ഉൾപ്പടെയുള്ള നടപടികൾ വേഗത്തിൽ നടത്താനും കളക്ടർ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക സംഘം മേഖലയിൽ പരിശോധന നടത്തിയിരുന്നു. സ്‌കൂളിൽ നിന്നുള്ള വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിൾ പരിശോധിക്കാൻ ഡിഎംഒ അടക്കമുള്ളവർ പ്രദേശത്ത് എത്തുകയും ചെയ്തിരുന്നു.

കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും രോഗ ലക്ഷണങ്ങൾ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക.

Tags