ജപ്തിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവം: ബാങ്കിന് മുന്നിലെ പ്രതിഷേധത്തിൽ കേസെടുത്ത് പൊലീസ്
കോഴിക്കോട്: ജപ്തിക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നടുവണ്ണൂർ എസ്ബിഐ ബാങ്കിന് മുന്നിൽ ഇന്നലെ നടന്ന സമരത്തിൽ കേസെടുത്ത് പൊലീസ്. ഗതാഗത തടസമുണ്ടാക്കിയതിന് അടക്കം രണ്ട് കേസുകളാണ് ബാലുശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്തത്. ഗതാഗത തടസമുണ്ടാക്കിയതിന് കണ്ടാലറിയുന്ന 10 പേരുൾപ്പടെ 200 ഓളം പേർക്കെതിരെയും പൊലീസ് ബാരിക്കേഡ് തകർത്ത് ബാങ്കിന് ഉള്ളിലേക്ക് കയറാൻ ശ്രമിച്ചതിനെതിരെ കണ്ടാലറിയുന്ന 6 പേരുൾപ്പടെ 200 ഓളം പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. കടം എഴുതി തള്ളണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ 10.30 മുതൽ നാല് മണിക്കൂറോളം പേരാമ്പ്ര- കോഴിക്കോട് റോഡ് തടഞ്ഞ് കവിതയുടെ മൃതദേഹവുമായി ജനകീയ പ്രതിഷേധം നടന്നത്.
അതിനിടെ, വീട്ടമ്മയുടെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് ആർ.ബി.ഐ ഓംബുഡ്സ്മാനും ബാങ്ക് നോഡൽ ഓഫീസർക്കും പരാതി ലഭിച്ചു. ആർബിഐയുടെ ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. ബാങ്കിന്റെ കടുത്ത മാനസിക പീഡനമാണ് യുവതിയുടെ മരണ കാരണമെന്നും ജപ്തിയിൽ ആർ.ബി.ഐയുടെ നയങ്ങൾ പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ബാങ്ക് ഉദ്യോഗസ്ഥർക്കും ശാഖയ്ക്കുമെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കനാമെന്നാണ് പരാതിയിലെ ആവശ്യം. കവിതയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിലാണ് പരാതിക്കാരൻ. അതേസമയം, സമരത്തിൽ ജില്ലയ്ക്ക് പുറത്ത് നിന്നും ആളുകൾ എത്തിയത് പരിശോധിക്കാനാണ് പൊലീസ് നീക്കം.
.jpg)

