ബാലചന്ദ്രകുമാറിന്റെ തുടര്‍ വിസ്താരം ഇന്ന് മുതല്‍; വിസ്താരം വീഡിയോ കോണ്‍ഫറന്‍സ് വഴി

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിന്റെ തുടര്‍ വിസ്താരം ഇന്ന് തുടങ്ങും. തിരുവനന്തപുരം ജില്ലാ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബാലചന്ദ്ര കുമാറിനെ വിസ്തരിക്കുക. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായ സാഹചര്യത്തിലാണ് വിസ്താരം വീഡിയോ കോണ്‍ഫറന്‍സിലേക്ക് മാറ്റിയത്. ഇരു വൃക്കകളും സ്തംഭിച്ചതോടെ തുടര്‍ച്ചയായ ഡയാലിസിസ്സിലൂടെയാണ് ബാലചന്ദ്രകുമാറിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന് തവണയായി 10 ദിവസം ബാലചന്ദ്രകുമാറിനെ വിസ്തരിച്ചിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായ സാഹചര്യത്തിലാണ് ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റിയത്
അല്‍പ്പമെങ്കിലും ആയുസ് ബാക്കിയുണ്ടെങ്കില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ഭയമില്ലാതെ കോടതിയില്‍ എല്ലാം പറയാന്‍ കഴിഞ്ഞു. അവസാനം വരെ നീതിക്കു വേണ്ടി നിലനില്‍ക്കുമെന്നും മരണത്തിലൂടെ മാത്രമേ തന്നെ പിന്മാറ്റാന്‍ കഴിയൂ എന്നും ബാലചന്ദ്രകുമാര്‍ നേരത്തെ പ്രതികരിച്ചിരുന്നു