മത്സ്യത്തൊഴിലാളി മേഖലയില്‍ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണും ; മന്ത്രി സജി ചെറിയാന്‍

google news
sss

കാസർഗോഡ് : മീന്‍ പിടിത്തവും മീന്‍ വില്‍പനയും മാത്രമാണ് മത്സ്യതൊഴിലാളികള്‍ക്ക് പറഞ്ഞിട്ടുള്ളതെന്ന ധാരണ മാറണം വിദ്യാഭ്യാസത്തിലൂടെ മാറ്റം വേണമെന്ന ബോധ്യത്തിലേക്ക് ഭൂരിപക്ഷം വരുന്ന മത്സ്യ തൊഴിലാളി കുടുംബങ്ങളും എത്തണമെന്നും മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ തീര സദസിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യതൊഴിലാളികളുടെ കുട്ടികള്‍ക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ സൗജന്യമായി സര്‍ക്കാര്‍ പഠിപ്പിക്കും. മാതാപിതാക്കള്‍ മരിച്ചാല്‍ കുട്ടികള്‍ അനാഥരാവില്ല. അവരെയും ഏറ്റെടുത്ത് ഹോസ്റ്റലുകളില്‍ താമസിപ്പിച്ച് പഠിപ്പിക്കും.

ഫിഷറീസ് കോളജുകളില്‍ 20 ശതമാനം സംവരണവും മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.134 കോടി ചെലവിട്ടാണ് തീരദേശത്തെ സ്‌കൂള്‍ നവീകരിച്ചത്. എല്ലാ സ്‌കൂളുകളും ഹൈടെക് ആക്കി. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് സൗജന്യമായി നല്‍കുന്നത്. പഠിച്ചു കഴിഞ്ഞാല്‍ തൊഴില്‍ നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്. മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യതൊഴിലാളികളുടെ വീട്ടില്‍ മറ്റൊരു തൊഴില്‍ കുടി സാധ്യമാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെ നമ്പര്‍ വണ്‍ തലമുറയായിരിക്കും തീരദേശത്തിന്റെ സന്തതികള്‍ എന്നും മന്ത്രി പറഞ്ഞു. കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് എടുക്കണമെന്നും കടലില്‍ പോകുമ്പോള്‍ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

മുഖ്യമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്നാണ് മന്ത്രി പ്രസംഗം ആരംഭിച്ചത്. തീര സദസ്സിന്റെ 31 മത്തെ മണ്ഡലമാണ് കാഞ്ഞങ്ങാട്. 31 മണ്ഡലങ്ങളിലും ഒന്നര മണിക്കൂര്‍ നേരം ജനപ്രതിനിധികളും ട്രേഡ് യൂണിയന്‍ നേതാക്കളുമായി ആ പ്രദേശത്തെ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ ഷികവുമായി ബന്ധപ്പെട്ടാണ് തീരദേശ സദസ്സ് സംഘടിപ്പിക്കുന്നത്. ഏഴു വര്‍ഷ കാലത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീരദേശ മേഖലയിലെ ഇടപെടലുകള്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായി. ഫിഷറീസ് വകുപ്പ് മാത്രം പതിനൊന്നായിരം കോടി രൂപ ചെലവഴിച്ചു. കേരളം ഉണ്ടായതിന് ശേഷം ഇന്നുവരെ അത്ര പണം ചെലവഴിച്ചിട്ടില്ല. തീരദേശ മേഖലയില്‍ ഇതിന്റെ ഭാഗമായി വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. നടത്തിയ വികസനങ്ങള്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ പരിഹരിക്കാനാണ് സദസ്സ് നടത്തുന്നത്.

3 വര്‍ഷത്തെ കാലയളവിനുള്ളില്‍ ഈ കുറവുകള്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കും. വികസനവും ക്ഷേമ പ്രവര്‍ത്തനവും ഒരുപോലെ കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് . ഇതിന് ക്ഷേമ പ്രവര്‍ ത്തനങ്ങള്‍ക്കും ഭവന നിര്‍മാണത്തിനും പ്രത്യേക ഊന്നല്‍ നല്‍കുന്നു . 10,600 വീടുകള്‍ 7 വര്‍ഷം കൊണ്ട് മത്സ്യ തൊഴിലാളികള്‍ക്കായി നിര്‍മിച്ചു. 450 കോടിയുടെ പദ്ധതിയാണ് പുനര്‍ഗേഹത്തിനായി മാറ്റി വച്ചത്. മത്സ്യതൊഴിലാളികള്‍ക്ക് എല്ലാം വാസയോഗ്യമായ വീട് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം പുതിയ വീടുകള്‍ വേണ്ടവര്‍ക്ക് പുതിയ വീടും നവീകരിക്കേണ്ട വീടുകള്‍ നവീകരിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് മീനാപ്പീസില്‍ നടന്ന തീര സദസില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഫിഷറീസ് അസി.ഡയറക്ടര്‍  എന്‍.എസ്.ശ്രീനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മുഖ്യാഥിതിയായി. മത്സ്യഫെഡ് ചെയര്‍മാന്‍ ടി.മനോഹരന്‍, മത്സ്യ ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, വൈസ് പ്രസിഡന്റ് കെ.സബീഷ്, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സി ഐ ടി യു ജില്ലാ സെക്രട്ടറി വി.വി.രമേശന്‍, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ കെ.കെ.ജാഫര്‍, കെ.കെ.ബാബു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.പി.ബാലകൃഷ്ണന്‍, സി.കെ.ബാബുരാജ്, കെ.കെ.ബദറുദീന്‍, കെ.സി.പീറ്റര്‍, വി.വെങ്കിടേഷ്, വസന്തകുമാര്‍ കാട്ടുകുളങ്ങര, യു.കെ.ജയപ്രകാശന്‍, എം.പ്രശാന്ത്, ജെറ്റോ ജോസഫ്, സി.എസ്.തോമസ്, കെ.സി.മുഹമ്മദ് കുഞ്ഞി, പ്രമോദ് കരുവളം, രതീഷ് പുതിയ പുരയില്‍, വി.കെ.രമേശന്‍, സംഘടനാ പ്രതിനിധികളായ കെ.രവീന്ദ്രന്‍, കാറ്റാടി കുമാരന്‍, എച്ച്.കെ.അബ്ദുള്ള, ശരത് മരക്കാപ്പ്, എ.സുരേഷ്, പി.സുരേഷ്, കെ.വി.സുഹാസ് എന്നിവര്‍ സംസാരിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത സ്വാഗതവും ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എ.പി.സതീഷ് നന്ദിയും പറഞ്ഞു.

തീരദേശ മേഖലയുടെയും മത്സ്യതൊഴിലാളികളുടെയും പ്രശ്‌നങ്ങളും പരാതികളും വിശകലനം ചെയ്ത് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള സമഗ്രമായ ഒരു പരിപാടി എന്ന നിലയിലാണ് തീരസദസ്സ് വിഭാവനം ചെയ്തത്. ഓരോ തീരസദസ്സിന്റെ മുന്നോടിയായി പ്രശ്‌നങ്ങളും വികസന സാധ്യതകളും വിശകലനം ചെയ്തു. തീരസദസ്സില്‍ ഉടനടി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ അവിടെ വച്ച് തന്നെ പരിഹാരം കാണുകയും പരാതികള്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവ സ്വീകരിക്കുകയും ആനുകൂല്യങ്ങളുടെ വിതരണം എന്നിവയുമാണ് നടത്തിയത്. തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളും ഇടപെടലുകളും പ്രസ്തുത പരിപാടിയില്‍ വിശദീകരിച്ചു. ഇതോടൊപ്പം തന്നെ തീരദേശമേഖലയിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ പ്രതിഭകളെയും ആദരിച്ചു.

മത്സ്യതൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങള്‍ കാര്യക്ഷമമായി വിതരണം ചെയ്യുന്നതിന് വേണ്ടി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ മുഖേന നിയന്ത്രിക്കുന്ന സുതാര്യവും, ഗുണഭോക്തൃ സൗഹൃദവുമായ എഫ്.ഐ.എം.എസ്  പോര്‍ട്ടല്‍ മുഖേനയാണ് തീരസദസ്സിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളില്‍ നിന്നും പരാതികള്‍  സ്വീകരിച്ചത്.  മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നും വിദ്യാഭ്യാസ, കായിക, തൊഴില്‍ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെ മന്ത്രി ആദരിച്ചു. കൂടാതെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി വിവാഹധനസഹായമായി  17 പേര്‍ക്ക് 10000 രൂപ വിതം ആകെ 170000 രൂപയും, മരണാനന്തര  ധനസഹായമായി 3 പേര്‍ക്ക് 15,00520 രൂപ വീതം 75,000 രൂപയും, അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും, സാഫ് തീരദേശ ആക്ടിവിറ്റി ഗ്രൂപ്പുകള്‍ക്ക് യൂണിറ്റിന് ആദ്യവായി 2,85,825 രൂപയും, മത്സ്യ കച്ചവടം ചെയ്യുന്ന സ്ത്രീകള്‍ക്ക് റിവോള്‍വിങ് ഫണ്ട് ആയി 1,00,000 രൂപയും ചേര്‍ത്ത് ആകെ 16,00,825 തീരസദസിന്റെ വേദിയില്‍ വിതരണം ചെയ്തു.

Tags