ജീരക സോഡ കുപ്പിയ്ക്കുള്ളില്‍ ചത്ത പാമ്പിന്‍കുഞ്ഞ് ; തൃശൂരിലെ കമ്പനി അടച്ചുപൂട്ടി

soda

സോഡാ കുപ്പി തുറന്ന് കുടിക്കാനെടുത്ത സമയത്ത് മുകളില്‍ എന്തോ തങ്ങി നില്‍ക്കുന്നത് യുവാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നോക്കുമ്പോഴാണ് പാമ്പിന്‍ കുഞ്ഞാണെന്ന് മനസ്സിലായത്.

ജീരക സോഡ കുപ്പിയ്ക്കുള്ളില്‍ നിന്നും ചത്ത പാമ്പിന്‍കുഞ്ഞിനെ കിട്ടി.കോണത്തുകുന്ന് മനയ്ക്കപ്പടിയിലെ ഇന്ത്യന്‍ ഫാസ്റ്റ് ഫുഡ് എന്ന തട്ടുകടയില്‍ നിന്ന് ചെറായി സ്വദേശി ഉണ്ണിയന്‍ പുരയ്ക്കല്‍ വിഷ്ണുരാജ്, ആലുവ സ്വദേശി ഡിനൂസ് എന്നിവര്‍ വാങ്ങിയ സോഡാ കുപ്പികളില്‍ ഒന്നില്‍ നിന്നാണ് പാമ്പിനെ കണ്ടത്.

സോഡാ കുപ്പി തുറന്ന് കുടിക്കാനെടുത്ത സമയത്ത് മുകളില്‍ എന്തോ തങ്ങി നില്‍ക്കുന്നത് യുവാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നോക്കുമ്പോഴാണ് പാമ്പിന്‍ കുഞ്ഞാണെന്ന് മനസ്സിലായത്.

കോണത്തുകുന്ന് ചിരട്ടക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന റിലാക്‌സ് സോഡാ കമ്പനിയില്‍ നിന്നെത്തിച്ച ജീരക സോഡയാണെന്ന് കുപ്പിയില്‍ പതിപ്പിച്ചിരുന്ന സ്റ്റിക്കറിലുണ്ടായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ കൊടുങ്ങല്ലൂര്‍ ഫുഡ് സേഫ്റ്റി വിഭാഗത്തില്‍ പരാതിപ്പെട്ടു.

ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. എം ബര്‍ഷാനയുടെ നേതൃത്വത്തില്‍ സ്ഥാപനത്തില്‍ പരിശോധന നടത്തി. സോഡാ നിര്‍മാണത്തിനായി കഴുകി വയ്ക്കുന്ന കുപ്പികള്‍ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് കമ്പനിയില്‍ സൂക്ഷിച്ചിരുന്നത്.
ഒരു ദിവസം രാത്രി കഴുകി വയ്ക്കുന്ന കുപ്പിയില്‍ പിറ്റേ ദിവസമാണ് സോഡ നിറയ്ക്കുന്നത്. ഇതിനിടെ പാമ്പ് കയറിയതാകാമെന്നാണ് നിഗമനം. അടച്ചുറപ്പില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടി. സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ജീരക സോഡയുടെ മുഴുവന്‍ സ്റ്റോക്കും നശിപ്പിച്ചു. കൂടാതെ ഇവിടെനിന്നും മറ്റ് സ്ഥാപനങ്ങളില്‍ വിതരണം ചെയ്തിരുന്ന സോഡകള്‍ ഫാക്ടറി അധികൃതരെ കൊണ്ട് തിരിച്ചെടുപ്പിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Tags