അട്ടപ്പാടിയില്‍ അമ്മയാന ഉപേക്ഷിച്ച കുട്ടിയാന ചരിഞ്ഞു

elephant

ഒരാഴ്ച്ച മുന്‍പാണ് കുട്ടിയാനയെ ധോണി ആന പരിപാലന കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്.

അട്ടപ്പാടിയില്‍ അമ്മയാന ഉപേക്ഷിച്ച കുട്ടിയാന ചരിഞ്ഞു. അബ്ബന്നൂരില്‍ പാറയിടുക്കില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയാനയാണ് ചരിഞ്ഞത്. ധോണി ആന പരിപാലന കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് കുട്ടിയാന ചരിഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജഡം സംസ്‌കരിച്ചു.

ഒരാഴ്ച്ച മുന്‍പാണ് കുട്ടിയാനയെ ധോണി ആന പരിപാലന കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്. അഞ്ചുദിവസം കാട്ടില്‍ താല്‍ക്കാലിക സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നു. തിരികെ കൊണ്ടുപോകാന്‍ അമ്മയാന എത്തുമെന്ന പ്രതീക്ഷയിലായിരുന്നു താല്‍ക്കാലിക സംരക്ഷണ കേന്ദ്രമൊരുക്കി കുട്ടിയാനയെ വനത്തില്‍ തന്നെ നിര്‍ത്തിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അമ്മയാന എത്താതായതോടെ ധോണിയിലേക്ക് മാറ്റുകയായിരുന്നു.

ഏപ്രില്‍ പതിനാലിനാണ് ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുളള ആനക്കുട്ടിയെ വനം ഉദ്യോഗസ്ഥര്‍ പാറക്കെട്ടിനിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. താല്‍ക്കാലിക താവളം ഒരുക്കി സംരക്ഷണം നല്‍കുകയായിരുന്നു. ആനക്കൂട്ടം പോയ വഴിയെ തിരിച്ചയയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആന തീരെ ചെറുതായതിനാല്‍ ആ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ മേല്‍നോട്ടത്തില്‍ ലാക്ടജനും ഇളനീരും ആവശ്യമായ മരുന്നുകളും നല്‍കി പരിചരണം തുടരുകയായിരുന്നു. അമ്മയാന തിരികെ എത്തി കുട്ടിയാനയെ കൂട്ടുമെന്ന പ്രതീക്ഷയില്‍ വനത്തില്‍ കാത്തുനിന്നെങ്കിലും ആന വരാതായതോടെ ധോണിയിലേക്ക് മാറ്റുകയായിരുന്നു.

Tags