ഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ബാബ രാംദേവ്

google news
ramdev

ദേശീയ ഗുസ്തി ഫെഡറേഷന്‍ ചെയര്‍മാന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് പതഞ്ജലി സ്ഥാപകന്‍ ബാംബ രാംദേവ്. ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ടാണ് രാംദേവിന്റെ പ്രതികരണം. പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടി അടക്കമുള്ള വനിതാ താരങ്ങളാണ് ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ ലൈംഗികാതിക്രമ ആരോപണമുയര്‍ത്തിയിരിക്കുന്നത്. 

രാജസ്ഥാനിലെ ഭില്‍വാരയില്‍ നടക്കുന്ന യോഗ് ശിവിരില്‍ സംസാരിക്കവെയാണ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി രാംദേവ് രംഗത്തുവന്നത്. ''ഇത്തരം ആളുകളെ ഉടന്‍ അറസ്റ്റ് ചെയ്ത് തടവറയിലാക്കണം. അയാള്‍ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്മക്കള്‍ക്കുമെതിരെ എന്നും അപവാദ പ്രചരണം നടത്തുന്നു. ഇത് അങ്ങേയറ്റം അപലപനീയമായ പൈശാചിക പ്രവൃത്തിയാണ്. എനിക്ക് പറയാനേ കഴിയൂ. അയാളെ ജയിലിക്കാനാവില്ല.''- രാംദേവ് പറഞ്ഞു.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റ അറസ്റ്റ് ആവശ്യപ്പെട്ട് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉത്ഘാടന ദിനത്തില്‍ ചേരുന്ന വനിതാ മഹാ പഞ്ചായത്തില്‍ ഗുസ്തി താരങ്ങള്‍ വനിതാ ജനപ്രതിനിധികളുടെ പിന്തുണ തേടി. രാജ്യത്തെ മുഴുവന്‍ അമ്മമാരും സഹോദരിമാരും മഹാപാഞ്ചായത്തില്‍ പങ്കെടുക്കണമെന്ന് താരങ്ങള്‍ അഭ്യര്‍ത്ഥിച്ചു. പിന്തുണക്കുന്നവര്‍ 11 മണിക്ക് ജന്തര്‍ മന്ദറില്‍ എത്തണമെന്നാണ് താരങ്ങളുടെ ആഹ്വാനം.

സമാധാനപരമായി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും ടിയര്‍ ഗ്യാസ്, ലാത്തി ചാര്‍ജ് എന്നിവര്‍ ഉണ്ടായാലും അഹിംസാ മാര്‍ഗത്തില്‍ പ്രതിഷേധിക്കുമെന്നും താരങ്ങള്‍ അറിയിച്ചു.അറസ്റ്റ് വരിക്കാനും തയ്യാറെന്ന് താരങ്ങള്‍ വ്യക്തമാക്കി.അതേ സമയം മാര്‍ച്ചിന് ഇത് വരെ പൊലീസ് അനുമതി നല്‍കിയിട്ടില്ല. വനിതാ മഹാ പഞ്ചായത്തിനു പിന്തുണയുമായി ഡല്‍ഹി അതിര്‍ത്തികളില്‍ ഖാപ്പ് പഞ്ചായത്തുകള്‍ ചേരുമെന്നും സമരസമിതി പ്രഖ്യാപിച്ചു.

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്നും പാര്‍ലമെന്റ് വളയുമെന്നുമാണ് താരങ്ങള്‍ അറിയിച്ചിരുന്നത്. 2012 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ബ്രിജ് ഭൂഷണ്‍ നടത്തിയ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയില്‍ നടപടി വേണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം.

Tags