ചുവടുകൾ എല്ലാം പിഴച്ചു, ഒടുവിൽ വൻ പതനം, അഴീക്കോട് സ്വദേശി ബൈജുവിനെ കാത്ത് സിംഗപ്പൂർ ജയിൽ, കീഴടങ്ങാൻ സാദ്ധ്യതയേറി

BYJUS

കണ്ണൂർ: എഡ്-ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനും കണ്ണൂർ അഴിക്കോട് സ്വദേശിയുമായ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസത്തെ ജയിൽശിക്ഷ വിധിച്ചതിൻ്റെ അടിസ്ഥാനത്തിൽ കീഴടങ്ങിയേക്കും . കോടതിയലക്ഷ്യ കേസിലാണ് നടപടി. സ്വത്തുമായി ബന്ധപ്പെട്ട കേസിൽ 2024 ഏപ്രിൽ മുതലുള്ള നിരവധി ഉത്തരവുകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ബൈജുവിന് തടവ്ശിക്ഷ വിധിച്ചത്. ബ്ലൂംബെർഗിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.

സിംഗപ്പൂർ പൊലിസ്അധികൃതർക്ക് മുന്നിൽ ഉടൻ കീഴടങ്ങാൻ നിർദേശിച്ച കോടതി, 68 ലക്ഷം രൂപയോളം (90,000 സിംഗപ്പൂർ ഡോളർ) കെട്ടിവയ്ക്കാനും നിർദ്ദേശിച്ചു. കൂടാതെ ബീആർ ഇൻവെസ്റ്റ്‌കോ എന്ന കമ്പനിയിലെ ഉടമസ്ഥാവകാശ രേഖകളും സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു. യുഎസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിരവധി കേസുകൾ നേരിടുന്ന ബൈജുവിന് വലിയ തിരിച്ചടിയാണ് കോടതിവിധി. ഖത്തർ ഹോൾഡിങ് നല്കിയ ഹർജിയിലാണ് സിംഗപ്പൂർ കോടതിയുടെ നിർണായക ഉത്തരവ്.
ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള സ്റ്റാർട്ടപ്പുകളിലൊന്നായിരുന്ന ബൈജൂസ്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജീവനക്കാരുടെ പിരിച്ചുവിടൽ, നിക്ഷേപകരുമായുള്ള തർക്കങ്ങൾ, വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, അക്കൗണ്ടിങ് വിവാദങ്ങൾ, വിദേശ കോടതികളിലെ കേസുകൾ എന്നിവ കമ്പനിക്ക് വലിയ തിരിച്ചടിയായി മാറി.അമേരിക്കൻ വായ്പദാതാക്കളിൽ നിന്ന് സമാഹരിച്ച 1.2 ബില്യൺ ഡോളർ വായ്പയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളും ഇപ്പോൾ ബൈജുവിനെ പിന്തുടരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. വായ്പ തുകയുടെ ഉപയോഗം, ആസ്തികളുടെ സ്ഥാനം, കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ എന്നിവയെച്ചൊല്ലി അമേരിക്കയിലും സിംഗപ്പൂരിലും കേസുകൾ തുടരുകയാണ്. ബൈജു രവീന്ദ്രൻ നിലവിൽ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. കർശന നിയമങ്ങളുള്ള രാജ്യമാണ് സിംഗപ്പൂർ. അധികൃതർക്ക് മുന്നിൽ ബൈജുവിന് കീഴടങ്ങേണ്ടി വന്നേക്കുമെന്നാണ് വിവരം.

Tags