അയ്യപ്പൻമാർക്ക് മികച്ച ചികിത്സ: നന്ദിയറിയിച്ച് ആന്ധ്രാ സർക്കാർ

veena

ആന്ധ്രാ സ്വദേശികളായ ശബരിമല തീർത്ഥാടകർക്ക് മികച്ച ചികിത്സയൊരുക്കിയതിന് നന്ദിയറിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. സമയബന്ധിതമായി മികച്ച ചികിത്സ ഉറപ്പാക്കിയതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, കേരള പോലീസ് എന്നിവർക്കാണ് നന്ദിയറിയിച്ചത്.

ഈ മാസം 25 ന് കിഴക്കൻ ഗോദാവരി ജില്ലയിൽ നിന്നുള്ള നാല് അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരം ചന്തവിളയിൽ വച്ച് അപകടത്തിൽപ്പെട്ടു. 4 പേർക്ക് പരിക്കേറ്റു. കേരള പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി വീണാ ജോർജ് വിദഗ്ധ പരിചരണം ഉറപ്പാക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദേശം നൽകി.

tRootC1469263">

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസിന് അടിയന്തര ന്യൂറോ സർജറി നടത്തി തീവ്ര പരിചരണം ഉറപ്പാക്കി. തുടയെല്ലിന് പൊട്ടലുള്ളയാൾ ഓർത്തോ ഐസിയുവിൽ വിദഗ്ധ ചികിത്സയിലാണ്. എല്ലാവർക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകളിൽ നിന്ന് അവരെ രക്ഷിക്കുകയും ചെയ്തു.

മണ്ഡല-മകരവിളക്ക് സീസണിലെ സർക്കാരിന്റെ നിരീക്ഷണവും ഊർജിത രക്ഷാപ്രവർത്തനവും, വിദഗ്ധ മെഡിക്കൽ സംവിധാനങ്ങൾ, മറ്റ് സംസ്ഥാനങ്ങളുമായുള്ള ഏകോപനം എന്നിവയെ പ്രത്യേകം ആന്ധ്രാ സർക്കാർ അഭിനന്ദിച്ചു.

Tags