അയ്യപ്പഭക്തര്‍ക്ക് പരാതിയുണ്ടോ? ശബരിമലയിൽ പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട്

Do Ayyappa devotees have any complaints? DLSA is there to resolve the issue in Sabarimala
Do Ayyappa devotees have any complaints? DLSA is there to resolve the issue in Sabarimala

ശബരിമല :  സന്നിധിയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പരാതിയുണ്ടെങ്കില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ലീഗല്‍ എയ്ഡ് പോസ്റ്റിലെത്തി പരാതി നല്‍കാം. ഉദ്യോഗസ്ഥരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമുള്ള മോശം പെരുമാറ്റം, വ്യാപാര സ്ഥാപനങ്ങള്‍ അമിത വില ഈടാക്കല്‍, മോഷണം തുടങ്ങി ഏതു വിഷയത്തിലും അയ്യപ്പഭക്തര്‍ക്ക് കൗണ്ടറില്‍ പരാതി നല്‍കാം. 

tRootC1469263">

ഈ വര്‍ഷം പരാതികള്‍ കുറവാണെന്ന് എയ്ഡ് പോസ്റ്റ് കോ-ഓഡിനേറ്റര്‍ ടി. രാജേഷ് പറഞ്ഞു. പോലീസിനെക്കുറിച്ചുള്ള പരാതികള്‍ ഒന്നുപോലും ഇതുവരെ ഈ വര്‍ഷം ലഭിച്ചിട്ടില്ല. പരാതികള്‍ ലഭിച്ച ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ച് തുടര്‍ നടപടി സ്വീകരിക്കും. ജീവനക്കാരുമായി ബന്ധപ്പെട്ട പരാതികള്‍ ശബരിമല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറി പരിഹാരം ഉറപ്പാക്കും. ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച് നിരീക്ഷിക്കാന്‍ രഹസ്യപരിശോധന നടത്തുന്നുണ്ട്. കൂടാതെ വ്യാപാര സ്ഥാപനങ്ങളിലും നിരീക്ഷണമുണ്ടെന്നും രാജേഷ് പറഞ്ഞു. 

മദ്യത്തിന്റെയും പുകവലിയുടെയും ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാലും ഉടന്‍ പോലീസിന്റെ സഹായത്തോടെ നടപടി സ്വീകരിക്കും. സന്നിധാനത്തിന് പുറമേ പമ്പയിലും എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി മണ്ഡലകാലത്ത് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഗൗരവസ്വഭാവമുള്ള പരാതികള്‍ ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് കൈമാറും. 

പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴിലാണ് ലീഗല്‍ എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. വടക്കേനടയില്‍ സന്നിധാനം പോലീസ് സ്‌റ്റേഷന്റെ സമീപമാണ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട് സൗജന്യ നിയമസഹായം ഡിഎല്‍എസ്എ ലഭ്യമാക്കും. കേസ് നടത്തിപ്പിന് അഭിഭാഷകരുടെ സേവനവും ഉറപ്പാക്കുന്നുണ്ട്. താലൂക്ക്, ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സേവനം ലഭ്യമാണ്. വനിതകള്‍ക്ക് പൂര്‍ണമായും നാലു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള പുരുഷന്മാര്‍ക്കും സൗജന്യ നിയമസഹായം ലഭിക്കും. 

കോടതിയില്‍ നിലവുള്ള കേസുകളില്‍ ഒത്തുതീര്‍പ്പിനും അതിക്രമങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്ടപരിഹാരത്തിനായും ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ സമീപിക്കാം. പരാതികള്‍ക്കും സൗജന്യ നിയമസഹായത്തിനും ബന്ധപ്പെടുക - ഹെല്‍പ്പ് ലൈന്‍ നമ്പര്‍ - 1516, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി 0468 2220141, 9745808095

Tags