കേരളത്തില ആയൂർവേദത്തിന് ലോക വിപണി ലഭിക്കാൻ കൂട്ടായി പ്രവർത്തിക്കണം; വി മുരളീധരൻ

google news
ggurygf

തിരുവനന്തപുരം;  ലോകമെമ്പാടും ആയുർവേദത്തിന് അത്ഭുതപൂർവ്വമായ വളർച്ചയാണ്  ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും,  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ആയുർവേദം വളർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ കേരളീയ ആയുർവേദത്തിന് ഈ വളർച്ചയുടെ പങ്കുപറ്റാൻ  സാധ്യമാകുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.  അതുകൊണ്ട് തന്നെ കേരളീയ ആയുർവേദത്തിന്റെ വളർച്ചയ്ക്കായി വിവിധ മേഖലകളിൽ ലോബിയിങ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോബിയിങ് എന്നത് എന്തോ മോശപ്പെട്ട കാര്യമായിട്ടാണ് നമ്മൾ കരുതിവരുന്നത്, എന്നാൽ അത് ഇപ്പോഴത്തെ കാലത്ത് അങ്ങനെയല്ല. എത്ര നല്ല ഉൽപ്പന്നമാണ് നമ്മുടെതെങ്കിലും അതിന് ആവശ്യമായ പരിഗണന ലഭിക്കുന്നതിനായി ഇപ്പോൾ ലോബിയിങ് ഒരു ആവശ്യമായ ഘടകമാണ്. അതുകൊണ്ടുതന്നെ കേരള ആയുർവേദത്തിനായി നമ്മൾ ലോബിയിങ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തെ കേരളത്തിലേക്ക് എത്തിക്കുന്നതിന് ചാലകശക്തി ആകാൻ ആയുർവേദത്തിന് കഴിയും. അതിലൂടെ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുവാൻ കഴിയുമെന്നും  വി. മുരളീധരൻ പറഞ്ഞു.

അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കൂടിയ യോഗത്തിൽ  പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്റർ ഫോർ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻസ് (CISSA)യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ആയുർവേദ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളുടെയും സഹകരണത്തിൽ സംഘടിപ്പിക്കപ്പെടുന്ന അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ ഇപ്രാവശ്യം തിരുവനന്തപുരത്തുവച്ചാണ് നടത്തപ്പെടുന്നത്. സെപ്റ്റംബർ മാസം 21 മുതൽ 25 വരെ സംഘടിപ്പിക്കപ്പെടുന്ന  ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ കേരളത്തിന്റെ ആയുർവേദ പാരമ്പര്യവും ശാസ്ത്രീയതയും ലോക സമക്ഷം പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് നടത്തപ്പെടുന്നത്. അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ വിജയത്തിനായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ചെയർമാനായും, സിസ്സയുടെ പ്രസിഡന്റ് ഡോ.ജി.ജി.ഗംഗാധരൻ വർക്കിംഗ് ചെയർമാനായും,ഡോ.സി.സുരേഷ് കുമാർ ( ത്രിവേണി നേഴ്സിങ് ഹോം) സെക്രട്ടറി ജനറലായും ഡോ.വി.ജി.ഉദയകുമാർ ജനറൽ കൺവീനറായും ഉള്ള  കമ്മിറ്റിയും രൂപീകരിച്ചു.  

ചടങ്ങിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. സി ഡി.ലീന, മുൻ ഡി എ എം ഇ ഡോ
പി ശങ്കരൻകുട്ടി,  ബേബി മാത്യു സോമതീരം, CISSA സെക്രട്ടറി ഡോ. സി.സുരേഷ് കുമാർ, ഡോ. ഡി ജയൻ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഡോ. എസ്.വേണു സ്വാഗതവും ഡോ. കെ.എസ് വിഷ്ണു നമ്പൂതിരി പദ്ധതി വിശദീകരണവും നടത്തി.

ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിനു മുന്നോടിയായി ഗ്രാൻഡ് കേരള ആയുർവേദ ഫയർ എന്ന പേരിൽ കേരളത്തിലെ എല്ലാ ജില്ലകളിലും പൊതുജനങ്ങൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പുകൾ,ശാസ്ത്ര സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ തുടങ്ങി  വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. എ എം എ ഐ, എ എച്ച് എം എ, എ എം എം ഒ ഐ, വിശ്വ ആയുർവേദ പരിഷത്ത് തുടങ്ങി ആയുർവേദ രംഗത്തെ വിവിധ സംഘടനകൾ അധ്യാപക, വിദ്യാർത്ഥി സംഘടനകൾ, വിവിധ ആയുർവേദ മെഡിക്കൽ കോളേജുകൾ, പ്രധാനപ്പെട്ട ആയുർവേദ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികൾ അടങ്ങുന്ന നൂറോളം പേർ മീറ്റിംഗിൽ പങ്കെടുത്തു.

Tags