അത്യാഹിതവിഭാഗത്തിൽ താലികെട്ടി; മാസങ്ങൾക്കു ശേഷം ആചാരപ്രകാരം വീണ്ടും മാലചാർത്ത് ; അപകടവും ചികിത്സയും അതിജീവിച്ച ആവണിയും ഷാരോണും
ആലപ്പുഴ: വേദനകളെയും ആശങ്കകളെയും അതിജീവിച്ച് ആവണിയും ഷാരോണും വീണ്ടും ഒന്നിച്ചു. ബന്ധുകളുടെയും സുഹൃത്തുകളുടെയും സാനിധ്യത്തിൽ കൊട്ടിന്റെയും കുരവയുടെയും അകമ്പടിയിലാണ് ആവണിയും ഷാരോണും വീണ്ടും ഒരുമിച്ചത് . വിവാഹദിവസം അപകടത്തിൽ പരിക്കേറ്റ് അത്യാഹിതവിഭാഗത്തിൽ ചികിത്സയിൽക്കഴിയുന്നതിനിടെ വിവാഹിതരായ ആലപ്പുഴ കൊമ്മാടി മുത്തലശ്ശേരിയിൽ ആവണിയും തുമ്പോളി വളപ്പിൽ വീട്ടിൽ വി.എം. ഷാരോണും ആചാരപ്രകാരം മാലചാർത്തി വീണ്ടും വിവാഹം കഴിച്ചു. തുമ്പോളി പാട്ടുകളം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഇരുവരുടെയും മാതാപിതാക്കളും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുകളും പങ്കെടുത്തു. തുടർന്ന് ആവണി ഷാരോണിന്റെ വീട്ടിൽ പ്രവേശിച്ചു.

2025 നവംബർ 21-നാണ് ഇരുവരുടെയും വിവാഹം തുമ്പോളിയിൽ നിശ്ചയിച്ചിരുന്നത്. വിവാഹദിവസം പുലർച്ചെ മൂന്നോടെ മേക്കപ്പിനായി കുടുംബാംഗങ്ങൾക്കൊപ്പം കുമരകത്തേക്കു പോകുന്നതിനിടെ വധുവിന്റെ കാർ അപകടത്തിൽപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ ആവണിയെ വിദഗ്ധ ചികിത്സയ്ക്ക് എറണാകുളത്തേക്കുമാറ്റി. നിശ്ചയിച്ച മുഹൂർത്തത്തിൽത്തന്നെ വിവാഹം നടത്തണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതരെയറിയിച്ചു. തുടർന്നാണ് അത്യാഹിത വിഭാഗത്തിൽവെച്ച് ഷാരോൺ ആവണിയെ താലികെട്ടിയത്. രണ്ടുമാസത്തോളം നീണ്ട ചികിത്സയിലും ഷാരോൺ ഒപ്പമുണ്ടായിരുന്നു.
ആരോഗ്യനിലയിൽ വലിയ മാറ്റങ്ങൾ വന്നശേഷമാണ് ആവണിയെ വീട്ടിലേക്കുമാറ്റിയത്. ഫിസിയോതെറപ്പിയുൾപ്പെടെ മറ്റു ചികിത്സകൾ പുർത്തീകരിച്ചതിനു ശേഷമാണ് ഷാരോണിന്റെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനായി മാലചാർത്തൽ നടത്തിയത്.
.jpg)


