ഇന്ന് അർധരാത്രി മുതൽ ഓട്ടോയും ടാക്സിയും നിരത്തിലിറങ്ങില്ല ; 24 മണിക്കൂർ പണിമുടക്ക്
ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഓട്ടോ-ടാക്സി തൊഴിലാളികൾ 24 മണിക്കൂർ സൂചനാപണിമുടക്കിലേക്ക്. ബുധനാഴ്ച (11-11-26) അർധരാത്രി മുതൽ ആരംഭിക്കുന്ന പണിമുടക്ക് വ്യാഴാഴ്ച അർധരാത്രി വരെ തുടരും. ഓട്ടോ-ടാക്സി സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിലാണ് സമരം.
നിലവിലെ നിരക്കുകൾ വർധിപ്പിച്ച് ഒന്നര കിലോമീറ്റർ ദൂരത്തേക്കുള്ള മിനിമം ചാർജ് 50 രൂപയാക്കണമെന്നാണ് പ്രധാന ആവശ്യം. തുടർന്ന് ഓരോ കിലോമീറ്ററിനും 20 രൂപ വീതം ഈടാക്കണമെന്നും മുഴുദിവസത്തെ വെയ്റ്റിങ് ചാർജ് 500 രൂപയായി ഉയർത്തണമെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നു.
സി.ഐ.ടി.യു. നേതാക്കളായ എൽ. രമേശൻ, കെ.കെ. മമ്മു, എ.ഐ.ടി.യു.സി. നേതാവ് പി.കെ. നാസർ എന്നിവർ വാർത്താസമ്മേളനത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഐ.എൻ.ടി.യു.സി., എസ്.ടി.യു. തുടങ്ങിയ സംഘടനകൾ നിലവിൽ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അവസാന നിമിഷം ഇവരും സമരത്തിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്ന് സംയുക്ത സമിതി നേതാക്കൾ അറിയിച്ചു.
24 മണിക്കൂർ നീളുന്ന പണിമുടക്ക് യാത്രക്കാരെയും പൊതുഗതാഗതത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. നിരക്ക് വർധന ആവശ്യത്തിൽ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് തൊഴിലാളി സംഘടനകൾ സൂചനാപണിമുടക്കിലേക്ക് നീങ്ങുന്നത്.
.jpg)

