മലപ്പുറത്ത് റോഡിലെ വെള്ളക്കെട്ടില്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

google news
 driver died

മലപ്പുറം: മലപ്പുറം എടവണ്ണ വടശ്ശേരിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മണിമൂലി സ്വദേശി കാരേങ്ങല്‍ യൂനുസ് ആണ് മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. എടവണ്ണ- കൊയിലാണ്ടി റോഡിലാണ് അപകടം. വളവുള്ള ഭാഗത്ത് റോഡില്‍ വെള്ളക്കെട്ട് കണ്ട് ബ്രേക്ക് ചെയ്തപ്പോള്‍ ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോയുടെ അടിയില്‍പ്പെട്ട യൂനുസിനെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. റോഡിലെ വെള്ളക്കെട്ടു മൂലം കഴിഞ്ഞയാഴ്ച ഒരു ബൈക്ക് മറിഞ്ഞ് യാത്രക്കാരന് സാരമായി പരിക്കേറ്റിരുന്നു.  

Tags