ഓട്ടോമേറ്റഡ് ഹോമിയോപ്പതി മരുന്ന് വിതരണ സംവിധാനം: മലയാളി ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ്

Automated homeopathic medicine dispensing system: Indian patent for Malayali researchers

ഹോമിയോപ്പതി ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ, ഫാർമസികൾ എന്നിവിടങ്ങളിൽ മരുന്ന് തയ്യാറാക്കലും വിതരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വികസിപ്പിച്ച ഓട്ടോമേറ്റഡ് സംവിധാനത്തിന് കേരളത്തിൽ നിന്നുള്ള ഗവേഷക സംഘത്തിന് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. “ഡിജിറ്റലി കൺട്രോൾഡ് സ്ലൈഡിംഗ് ആൻഡ് സീലിംഗ് മെക്കാനിസം ഫോർ ഓട്ടോമേറ്റഡ് ഡിസ്പെൻസിങ്” (Digitally Controlled Sliding and Sealing Mechanism for Automated Dispensing) എന്ന പേരിലുള്ള കണ്ടുപിടിത്തം ഹോമിയോപ്പതി dispensing രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ്. മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലുകൾ കുറച്ച്, അളവുകളിലും മിശ്രിതങ്ങളിലും കൃത്യതയും സ്ഥിരതയും ഉറപ്പാക്കിക്കൊണ്ട് മരുന്ന് നൽകുകയാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ചിപ്പ് ലെവൽ ഇന്റഗ്രേഷൻ, എംബഡഡ് സിസ്റ്റങ്ങൾ, ഒപ്റ്റിക്കൽ സെൻസിംഗ്, ഇന്റലിജന്റ് ഓട്ടോമേഷൻ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് കുറഞ്ഞ ചെലവിൽ പ്രായോഗികമായ ഈ സാങ്കേതിക പരിഹാരം ഗവേഷകർ വികസിപ്പിച്ചെടുത്തത്.

മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിലെ (MITS) സൈബർ സെക്യൂരിറ്റി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും എസ്.എം. ലീഗൽ അസോസിയേറ്റ്‌സ് മാനേജിങ് ഡയറക്ടറുമായ സഫദ് ഇസ്മായിൽ, യെസ് സ്കൈ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഇക്ബാൽ ആർ, കുർണൂൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് (IIITDM) പ്രൊഫസർ ഹർഷ വാസുദേവൻ പിള്ള, IHRD ഡയറക്ടർ ഡോ. എം. വി. രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ പ്രവർത്തിച്ചത്.

ഹോമിയോപ്പതി ഉൾപ്പെടെയുള്ള ആയുഷ് (AYUSH) മേഖലയിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ വിപുലീകരിക്കുന്നതിനും ഡിജിറ്റൽ ആരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ പേറ്റന്റ് വഴിയൊരുക്കും. ഭാവിയിൽ കൂടുതൽ ഇന്റലിജന്റും ഡിജിറ്റലി കണക്റ്റഡുമായ ആയുഷ് ഹെൽത്ത്‌കെയർ സിസ്റ്റങ്ങൾ വികസിപ്പിക്കുന്നതിനുള്ള പുതിയ സാധ്യതകളാണ് ഈ മുന്നേറ്റത്തിലൂടെ തുറക്കപ്പെടുന്നത്.

Tags