കാസർകോട്ഓട്ടോഡ്രൈവറെ കൊന്ന്‌ കിണറ്റിലെറിഞ്ഞ പ്രതി പിടിയിൽ

arrest
arrest

കാസർകോട്: മഞ്ചേശ്വരം അടുക്കപ്പള്ള മാഞ്ഞിംഗുണ്ടെയിൽ ആൾമറയില്ലാത്ത കിണറ്റിൽ ഓട്ടോഡ്രൈവർ മുഹമ്മദ്‌ ഷെരീഫിനെ (52) മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മംഗളൂരു സൂറത്‌കല്ല്‌ കല്ലാപ്പുവിലെ അഭിഷേക് ഷെട്ടി(25)യെ ആണ് മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ അനൂപ്കുമാറും സംഘവും അറസ്റ്റുചെയ്തത്. ഇയാൾ ഓടിച്ചിരുന്ന സ്കൂൾ ബസിൽ നാലുമാസം മുമ്പ്‌ ഓട്ടോ ഇടിച്ചതുമായി ബന്ധപ്പെട്ട്‌ ഇരുവരും തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന്‌ ഇയാളെ സ്‌കൂൾ മാനേജുമെന്റ്‌ ബസ്‌ ഡ്രൈവർ ജോലിയിൽനിന്ന്‌ പിരിച്ചുവിട്ടു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന്‌ കാരണമെന്ന്‌ അഡീഷണൽ ജില്ലാ പൊലീസ്‌ മേധാവി പി ബാലകൃഷ്‌ണൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഹമ്മദ് ഷരീഫിനെ കഴിഞ്ഞ വ്യാഴം സന്ധ്യയോടെയാണ് കുഞ്ചത്തൂർ മാഞ്ഞിംഗുണ്ടെയിലെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. കിണറിനു സമീപത്ത് കർണാടക രജിസ്ട്രേഷനിലുള്ള ഓട്ടോറിക്ഷ ചെരിഞ്ഞുകിടക്കുന്നുമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കിണറിനരികിൽ ചോര പറ്റിയ തുണികളും ചെരുപ്പും പഴ്സും കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പഴ്സ് പരിശോധിച്ചപ്പോഴാണ് മരിച്ചയാളെ തിരിച്ചറിയുന്നതിനുള്ള ഫോട്ടോയും രേഖകളും കണ്ടെടുത്തത്.

തുടർന്ന് മഞ്ചേശ്വരം പൊലീസ് കർണാടക മുൽക്കി പൊലീസിനെ അറിയിച്ചു. ഈ സമയത്താണ് മുഹമ്മദ് ഷരീഫിനെ കാണാതായതിന്‌ കേസുള്ളതായി വ്യക്തമായത്. വിവരമറിഞ്ഞ് ബന്ധുക്കളെത്തി മുഹമ്മദ് ഷരീഫിന്റെയാണ്‌ ഓട്ടോറിക്ഷയെന്ന്‌ സ്ഥിരീകരിച്ചു. ശനി രാവിലെ പുറത്തെടുത്ത മൃതദേഹത്തിൽ വെട്ടേറ്റ മുറിവുകൾ കണ്ടെത്തിയിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. മുഹമ്മദ് ഷെരീഫിനെ തന്ത്രപൂർവം കുഞ്ചത്തൂരിലെത്തിച്ചാണ് കൊലപാതകം നടത്തിയതെന്ന്‌ പൊലീസ് പറഞ്ഞു. 
 

Tags