വയനാട്ടിൽ വയോധികനെ ഇടിച്ച് തെറിപ്പിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി

Auto driver arrested for hitting and seriously injuring elderly man in Wayanad and fleeing without stopping
Auto driver arrested for hitting and seriously injuring elderly man in Wayanad and fleeing without stopping

മാനന്തവാടി: വയോധികനെ ഇടിച്ച് തെറിപ്പിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി.ദൃക്‌സാക്ഷികളില്ലാതിരുന്ന, വാഹനത്തെ കുറിച്ചോ ഓടിച്ചയാളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാതിരുന്ന കേസിൽ പ്രതി വലയിലായത് പോലീസിന്റെ നിർത്താതെയുള്ള അന്വേഷണത്തിനൊടുവിൽ. നല്ലൂർനാട്, അത്തിലൻ വീട്ടിൽ, എ.വി ഹംസ(49) യെയാണ് ദിവസങ്ങൾ നീണ്ട കൃത്യമായ അന്വേഷണത്തിനൊടുവിൽ മാനന്തവാടി പോലീസ് പിടികൂടിയത്. അപകടം വരുത്തിയ കെ.എൽ 72 ഡി 7579 നമ്പർ ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു.

tRootC1469263">

ഈ മാസം ജൂലൈ ഏഴിന് രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം. അയലമൂല ഭാഗത്തു നിന്നും മോളിത്തോട് ഭാഗത്തേക്ക് നടന്നു പോകുകയായിരുന്ന മോളിത്തോട് സ്വദേശി വി.കെ ജോണി (61)യെയാണ് എതിർ ദിശയിൽ വന്ന ഓട്ടോ മോളിത്തോട് പാലത്തിനടുത്ത് വച്ച് ഇടിച്ചു തെറിപ്പിച്ചത്. റോഡിലേക്ക് തെറിച്ചു വീണ ഇദ്ദേഹത്തെ തിരിഞ്ഞു നോക്കാതെ ഇയാൾ ഓട്ടോ വേഗതയിൽ തന്നെ ഓടിച്ചു പോകുകയായിരുന്നു. ജോണിയുടെ വലതു കാലിന്റെ എല്ല് പൊട്ടി ഗുരുതര പരിക്കേറ്റു. ഇദ്ദേഹം ചികിത്സയിലാണ്.തുമ്പായത് പൊട്ടിയ സൈഡ് മിററും, ഇടിയേറ്റ് ചളുങ്ങിയ ഭാഗവും

സംഭവം നടന്നത് രാത്രിയായതിനാലും ഗുരുതര പരിക്കേറ്റതിനാലും പരാതിക്കാരന് വാഹനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കൃത്യമായി പോലീസിന് പറഞ്ഞുകൊടുക്കാൻ കഴിഞ്ഞിരുന്നില്ല. മറ്റു ദൃക്‌സാക്ഷികളും ലഭ്യമായിരുന്നില്ല. ഏകദേശം 150 ഓളം സിസിടിവി ദൃശ്യങ്ങളും ഓട്ടോറിക്ഷകളും പരിശോധിച്ചും, വർക് ഷോപ്പുകളും മറ്റു സ്ഥലങ്ങളും പരിശോധിച്ചും പോലീസ്  അന്വേഷണം നടത്തി. എന്നാൽ, തുമ്പൊന്നും ലഭിച്ചിരുന്നില്ല. വീണ്ടും സമീപ പ്രദേശങ്ങളിലെ ഓട്ടോകൾ കേന്ദ്രീകരിച്ച് പല സംഘങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ (22.07.2025) രാത്രിയോടെ ഓട്ടോയെയും പ്രതിയെയും കണ്ടെത്തിയത്. വാഹനത്തിന്റെ സൈഡ് മിറർ പൊട്ടിയതും ഇടിച്ച ഭാഗം ചെറുതായി ചളുങ്ങിയതുമാണ് കേസിൽ തുമ്പായി മാറിയത്.  ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി. റഫീഖിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ അതുൽ മോഹൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.കെ ജോബി, ബി. ബിജു, സിവിൽ പോലീസ് ഓഫീസർമാരായ ഷിന്റോ ജോസഫ്, കെ.വി രഞ്ജിത്ത്, എ.ബി ശ്രീജിത്ത്, അരുൺ, അനുരാജ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. 

Tags