ഓട്ടോഡ്രൈവർ അബ്ദുൽ സത്താർ ജീവനൊടുക്കിയത് എസ്.എ യുടെ പീഡനം കാരണം; പൊലിസിനെതിരെ ഗുരുതര ആരോപണവുമായി മകൻ
കാഞ്ഞങ്ങാട്: തൊഴിൽ ചെയ്തു ജീവിക്കുന്ന ഓട്ടോറിക്ഷ അന്യായമായിപിടിച്ചുവെച്ചതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി. ആരോപണ വിധേയനായ കാസർകോട് ടൗൺ എസ്‌ഐ അനൂപിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മകന്‍ അബ്ദുല്‍ ഷാനിസ് മാധ്യമങ്ങളോട് പറഞ്ഞു. ഓട്ടോറിക്ഷ പൊലീസ് വിട്ടുകൊടുക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഷാനിസ് വ്യക്തമാക്കി.
'എസ്‌ഐ അനൂപില്‍ നിന്ന് നേരിട്ട മാനസിക പീഡനത്തെ തുടര്‍ന്നാണ് സത്താര്‍ ആത്മഹത്യ ചെയ്തത്. പല തവണ സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും ഓട്ടോ വിട്ടുകൊടുത്തില്ല. പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ഷാനിസ് പറഞ്ഞു. അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊലീസ് വിട്ടു നല്‍കാത്തതില്‍ മനംനൊന്താണ് കാസര്‍കോട് സ്വദേശി അബ്ദുല്‍ സത്താര്‍ (55) ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മുമ്പ് പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സത്താര്‍ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പൊലീസ് തന്റെ വാക്കുകളെ പാടെ അവഗണിച്ചതില്‍ വേദനയുണ്ടെന്ന് വീഡിയോയില്‍ പറയുന്നു.
ഓട്ടോറിക്ഷയായിരുന്നു ഉപജീവനമാര്‍ഗമെന്നും ഓട്ടോ ഇല്ലാത്തതിനാല്‍ ചെലവിന് ബുദ്ധിമുട്ടുണ്ടെന്നും സത്താര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ എസ്ഐ അനൂപിനെ സ്ഥലം മാറ്റിയിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണച്ചുമതല. ഒരു പെറ്റിക്കേസിന്റെ പേരിലായിരുന്നു സത്താറിന്റെ ഓട്ടോറിക്ഷ എസ്‌ഐ അനൂപ് കസ്റ്റഡിയിലെടുത്തത്. വാഹനം വിട്ടുകിട്ടുന്നതിനായി പല തവണ സത്താര്‍ സ്റ്റേഷനില്‍ കയറിയിറങ്ങിയിരുന്നു. ഡിവൈഎസ്പിക്ക് പരാതി നല്‍കിയെങ്കിലും ഓട്ടോ തിരിച്ചു കിട്ടിയില്ല. തുടര്‍ന്ന് തിങ്കളാഴ്ച സത്താര്‍ ജീവനൊടുക്കുകയായിരുന്നു.