രാഷ്ട്രീയ വിഷയങ്ങളെ മതവത്കരിക്കാനും വര്‍ഗീയവത്കരിക്കാനുമുള്ള ശ്രമങ്ങള്‍ മലയാളികളുടെ സമാധാനം തന്നെ ഇല്ലാതാക്കും ; വി കെ സനോജ്

Crime syndicate in Congress linked to Rahul's gang: VK Sanoj

യു ഡി എഫ് തെരഞ്ഞെടുപ്പില്‍ ജയിച്ചയുടനെ വര്‍ഗീയ ശക്തികള്‍ വിഭജന യുക്തിയുമായി രംഗത്തിറങ്ങി എന്നത് ആശങ്കാജനകമാണ്.

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സഖ്യം വിജയിച്ചതിന് പിന്നാലെ വര്‍ഗീയ ശക്തികള്‍ വിഭജന യുക്തിയുമായി രംഗത്തെത്തിയത് ആശങ്കയുണ്ടാക്കുന്നതാണെന്ന് നിയുക്ത എംഎല്‍എ വി കെ സനോജ്. രാഷ്ട്രീയ വിഷയങ്ങളെ മതവത്കരിക്കാനും വര്‍ഗീയവത്കരിക്കാനുമുള്ള ശ്രമങ്ങള്‍ മലയാളികളുടെ സമാധാനം തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ഹൈക്കമാന്‍ഡ് ലീഗിന്റെ അഭിപ്രായം തേടിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളിലാണ് സനോജിന്റെ പ്രതികരണം.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

യു ഡി എഫ് തെരഞ്ഞെടുപ്പില്‍ ജയിച്ചയുടനെ വര്‍ഗീയ ശക്തികള്‍ വിഭജന യുക്തിയുമായി രംഗത്തിറങ്ങി എന്നത് ആശങ്കാജനകമാണ്.
രാഷ്ട്രീയ വിഷയങ്ങളെ മതവത്ക്കരിക്കാനും വര്‍ഗീയവത്ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ മലയാളികളുടെ സമാധാന ജീവിതം തന്നെ ഇല്ലാതാക്കും. ഇത്തരം വിഭജന യുക്തികള്‍ക്ക് എതിരെ മതേതര വിശ്വാസികള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുകയും അതിനെതിരെ ജാഗ്രത പാലിക്കുകയും വേണം. മുഖ്യമന്ത്രിക്കാര്യത്തില്‍ കോണ്ഗ്രസ് ലീഗിനോട് അഭിപ്രായം ചോദിച്ചു, അവര്‍ പറഞ്ഞു എന്നാണ് വാര്‍ത്തകള്‍. ആ വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ ആര്‍ എസ് എസും വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും ലീഗിനെ ആക്രമിക്കുന്നതിന് പിന്നിലെ ഉദ്ദേശം ശരിയല്ല.
തെരഞ്ഞെടുപ്പില്‍ മുന്നണിയായി മത്സരിക്കുമ്പോള്‍ ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായങ്ങള്‍ ചോദിക്കുന്നതില്‍ എന്താണ് തെറ്റ്. അതിന്റെ മറവില്‍ വര്‍ഗീയ വിഭജനത്തിന് വഴി വെട്ടുന്നത് യോജിക്കാന്‍ കഴിയുന്ന കാര്യമല്ല.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചോദിച്ചപ്പോള്‍ അഭിപ്രായം പറഞ്ഞു എന്ന പേരിലാണ് ഒരു കൂട്ടര്‍ ലീഗിനെതിരെ തിരിയുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് വി ഡി സതീശനും കോണ്ഗ്രസുമാണ്. കോണ്‍ഗ്രസ് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതും
ലീഗിനോട് അഭിപ്രായം ചോദിക്കുന്നതും ചോദിക്കാതിരിക്കുന്നതും അവരുടെ ആഭ്യന്തരകാര്യം മാത്രമാണ്. അതിന്റെ ചുവടു പിടിച്ച് വര്‍ഗ്ഗീയ ചുവയോടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് രാഷ്ട്രീയമല്ല, പച്ചയായ വര്‍ഗീയതയാണ്. അത് കേരളം അനുവദിച്ചു കൊടുക്കരുത്.

Tags