വെഞ്ഞാറമൂട് അർധരാത്രി അപരിചിതസ്ഥലത്ത് ഇറക്കിവിടാൻ ശ്രമം; കെ.എസ്.ആർ.ടി.സി. ബസിൽ ഡിപ്പോയിൽ എത്തിക്കാതെ ഇറങ്ങില്ലെന്ന് പെൺകുട്ടികൾ
വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരായ രണ്ട് വിദ്യാർഥിനികളെ അർധരാത്രി അപരിചിതമായ സ്ഥലത്ത് ഇറക്കിവിടാനുള്ള ശ്രമം ബന്ധുക്കളും പെൺകുട്ടികളും ചേർന്ന് തടഞ്ഞു. വെഞ്ഞാറമൂട് ആലന്തറ തണ്ട്രാംപൊയ്‌ക സ്വദേശിനികളായ ആദിത്യ എസ്.ഗിരി (18), സുഹൃത്ത് ഗൗരി (18) എന്നിവർക്കാണ് കെ.എസ്.ആർ.ടി.സി. ജീവനക്കാരിൽനിന്ന് ദുരനുഭവമുണ്ടായത്.
tRootC1469263">ഞായറാഴ്ച രാത്രി തിരുവനന്തപുരം സെന്ററിൽനിന്ന് കട്ടപ്പനയിലേക്കു പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം. ആദിത്യയുടെ വീട്ടിലേക്കു പോകാനായി വെഞ്ഞാറമൂട്ടിലേക്ക് ടിക്കറ്റ് ചോദിച്ചപ്പോൾ, അവിടെ നിർത്താൻ കഴിയില്ലെന്നും ഡിപ്പോയ്ക്ക് മൂന്ന് കിലോമീറ്റർ അകലെ അമ്പലംമുക്ക് അല്ലെങ്കിൽ നാഗരുകുഴി ഭാഗത്ത് ഇറങ്ങണമെന്നും കണ്ടക്ടർ ആവശ്യപ്പെട്ടു. പെൺകുട്ടികൾ ഒറ്റയ്ക്കായതിനാലും വിളിക്കാൻ ആളില്ലാത്തതിനാലും വെഞ്ഞാറമൂട്ടിൽ തന്നെ ഇറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ തയ്യാറായില്ല.
തുടർന്ന് വീട്ടുകാരെ വിവരമറിയിക്കുകയും പിതാവ് കണ്ടക്ടറുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. എന്നിട്ടും നിലപാട് മാറ്റാതിരുന്ന ബസ് ജീവനക്കാർ നാഗരുകുഴിയിൽ ബസ് നിർത്തുകയായിരുന്നു.സ്ഥലത്തെത്തിയ ബന്ധുവായ ആദർശ് പെൺകുട്ടികളെ ഡിപ്പോയിൽ എത്തിക്കാതെ അവർ ഇറങ്ങില്ലെന്ന് വ്യക്തമാക്കിയതോടെ ഡിപ്പോയിൽ എത്തിക്കാതെ ഇറങ്ങില്ലെന്ന് പെൺകുട്ടികളും പറഞ്ഞു. ഇതോടെയാണ് തിങ്കളാഴ്ച രാത്രി 12.15-മണിയോടെ ഇവരെ വെഞ്ഞാറമൂട് ഡിപ്പോയിൽ എത്തിച്ചത്. വെഞ്ഞാറമൂട് ടിക്കറ്റിനു പകരം കിളിമാനൂർ ടിക്കറ്റാണ് നൽകിയതെന്നും ജീവനക്കാർ മോശമായി പെരുമാറിയെന്നും കാണിച്ച് പെൺകുട്ടികൾ വെഞ്ഞാറമൂട് ഡിപ്പോ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. നിലവിൽ രാത്രികാലങ്ങളിൽ വരുന്ന ബസുകൾ യാത്രക്കാർ ഉണ്ടെങ്കിൽ വെഞ്ഞാറമൂട് എത്തണമെന്ന ഉത്തരവ് ഉണ്ടായിട്ടും വെഞ്ഞാറമൂട് ഭാഗത്തേക്ക് ബസുകൾ വരുന്നില്ലെന്നും വ്യാപക പരാതിയുണ്ട്.
.jpg)


