രാത്രിയിൽ ടാറിങ്ങിന് മേൽനോട്ടം വഹിക്കവേ ശാസ്താംകോട്ടയിൽ PWD വനിതാഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റശ്രമം

crime

ശാസ്താംകോട്ട : കൊല്ലത്ത് രാത്രിയിൽ ടാറിങ്ങിന് മേൽനോട്ടം വഹിക്കുകയായിരുന്ന പിഡബ്ല്യുഡി (കെആർഎഫ്ബി) വനിതാ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി. പരാതി നൽകി രണ്ടുദിവസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്ന ശാസ്താംകോട്ട പോലീസ്, മന്ത്രിതലത്തിൽ നിർദേശം വന്നതോടെയാണ് ഞായറാഴ്ച അക്രമികളുടെപേരിൽ കേസെടുത്തത്.

tRootC1469263">

ജീവനക്കാർ പൊതുമരാമത്തുമന്ത്രിക്കും കിഫ്ബി അധികൃതർക്കും എസ്‌പിക്കും ശനിയാഴ്ച പരാതി നൽകിയതോടെയാണ് പോലീസ് നടപടിയുണ്ടായത്.വനിതകളായ പിഡബ്ല്യുഡി അസി. എക്സിക്യുട്ടീവ് എൻജിനിയറും അസി. എൻജിനിയറും, രണ്ട് ഓവർസിയർമാരുമാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. അസി. എക്സിക്യുട്ടീവ് എൻജിനിയർക്കുനേരേയാണ് മോശം പെരുമാറ്റവും കൈയേറ്റശ്രമവുമുണ്ടായത്. അവരുടെ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ ശാസ്താംകോട്ടയ്ക്കും ആഞ്ഞിലിമൂടിനുമിടയിലാണ്‌ സംഭവം.

കരുനാഗപ്പള്ളി-ശാസ്താംകോട്ട പാതയുടെ വികസനവുമായി ബന്ധപ്പെട്ട് രാത്രിയിൽ ടാർ ചെയ്യുന്ന ജോലികൾ നടന്നുവരികയാണ്. ഈ വനിതാ ജീവനക്കാർക്കാണ് പണിയുടെ മേൽനോട്ടം. ജോലികൾ നടക്കുന്നതിനിടെ, ടാറിട്ട ഭാഗത്തുകൂടി വന്ന വാഹനം പോകുന്നത് തൊഴിലാളികൾ വിലക്കി. ടാർ ഇട്ടിട്ട് മിനിറ്റുകളായതേയുള്ളൂവെന്ന് പറഞ്ഞെങ്കിലും വാഹനം അതുവഴിതന്നെ കൊണ്ടുപോകാൻ ശ്രമിച്ചു. വിഷയത്തിൽ ഉദ്യോഗസ്ഥരും ഇടപെട്ടു. അതിനിടെ വാഹനം പോകുന്നത് ഉദ്യോഗസ്ഥ ഫോണിൽ പകർത്താൻ തുടങ്ങി. വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങി ഉദ്യോഗസ്ഥയ്ക്കുനേരേ തിരിഞ്ഞു. അസഭ്യംപറയുകയും ശാരീരികമായി ഉപദ്രവിക്കാനും കൈയേറ്റം ചെയ്യാനും ശ്രമിച്ചെന്നുമാണ് പരാതി. രാത്രി പത്തരയോടെ ജീവനക്കാർ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. രസീത് നൽകാതെ നിസ്സാരമായി കണ്ട് ജീവനക്കാരെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥ മടക്കി അയച്ചു.

വനിതാ ഉദ്യോഗസ്ഥരായിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിപിഒ തങ്ങൾക്ക് പരിഗണന നൽകിയില്ലെന്നും അവർ പറഞ്ഞു. ഉദ്യോഗസ്ഥ സംഘടനയിൽനിന്നും വകുപ്പുതലത്തിലും ശക്തമായ ഇടപെടൽ ഉണ്ടായതോടെയാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. അതിനിടെ പ്രശ്നം ഒത്തുതീർപ്പാക്കാൻ അസി. എക്സിക്യുട്ടീവ് എൻജിനിയറുടെമേൽ സമ്മർദം തുടരുകയാണ്. ആക്രമണശ്രമത്തിൽ തിങ്കളാഴ്ച ജീവനക്കാരുടെ വിവിധ സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു.

Tags