അട്ടപ്പാടിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു

പാലക്കാട്: അട്ടപ്പാടി താഴെ അമ്പന്നൂരില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. ഇന്നലെ രാവിലെ പുതൂര്‍ പഞ്ചായത്തിലെ താഴെ അബ്ബന്നൂരിലാണ് കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അബ്ബന്നൂര്‍ ഊരിലേക്കുള്ള വൈദ്യുത ലൈന്‍ താഴ്ന്നാണ് കിടക്കുന്നത്. കഴിഞ്ഞ രാത്രിയിലെത്തിയ കാട്ടാനക്കൂട്ടം പരിസരത്തെ കൃഷി നശിപ്പിച്ചിട്ടുണ്ട്.
കൂട്ടത്തിലെ കൊമ്പന്‍ തിരികെ പോകുന്നതിനിടെ ഷോക്കേറ്റതാകാമെന്നാണ് സംശയം. ആദിവാസികള്‍ വിവരം അറിയിച്ചതിനുസരിച്ച് വനപാലകരും കെ.എസ്.ഇ.ബി. അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
താഴ്ന്നു കിടന്ന വൈദ്യുത ലൈനില്‍ തുമ്പിക്കൈ തട്ടിയാണ് ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 20 വയസിന് മുകളില്‍ പ്രായമുണ്ടാകുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ ഡേവിഡിന്റെ നേതൃത്വത്തില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം മോര്‍ട്ടം നടത്തി ജഡം അഗളി വനത്തില്‍ സംസ്‌കരിക്കും. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ യഥാര്‍ഥ മരണ വിവരം അറിയാന്‍ സാധിക്കൂവെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. യു. ആഷിഖ് അലി, മുക്കാലി റെയ്ഞ്ച് ഓഫീസര്‍ സി.വി. ബിജു, അഗളി റെയ്ഞ്ച് ഓഫീസര്‍ സുമേഷ്, ഡെപ്യൂട്ടി റെയ്ഞ്ചര്‍ സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.