നാദാപുരത്ത് അജ്ഞാത ജീവിയുടെ ആക്രമണം; പിടികൂടാന്‍ ശ്രമം തുടരുന്നു
ജാഗ്രതയുടെ ഭാഗമായി പ്രദേശത്തെ മദ്രസകള്‍ക്കും കുമ്മങ്കോട് ഈസ്റ്റ്, സൗത്ത് എല്‍പി സ്‌കൂളുകള്‍ക്കും അവധി പ്രഖ്യപിച്ചു.
അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായ നാദാപുരം കുമ്മങ്കോട് പ്രദേശം അതീവ ജാഗ്രതയില്‍. നാദാപുരം കുമ്മങ്കോട് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ പ്രദേശത്ത് കൂട് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി.ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടക്കും. ജാഗ്രതയുടെ ഭാഗമായി പ്രദേശത്തെ മദ്രസകള്‍ക്കും കുമ്മങ്കോട് ഈസ്റ്റ്, സൗത്ത് എല്‍പി സ്‌കൂളുകള്‍ക്കും അവധി പ്രഖ്യപിച്ചു.
വീടിനോട് ചേര്‍ന്ന പറമ്പിലെ കാട് തെളിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിയെ അജ്ഞാത ജീവി ആക്രമിച്ചത്. പെട്ടെന്ന് ശരീരത്തിലേക്ക് ചാടി കടിക്കുകയായിരുന്നു. എരഞ്ഞിക്കല്‍ മുഹമ്മദ് സിനാനാണ് പരിക്കേറ്റത്. വനാതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ മാറി ജനവാസമേഖലയിലാണ് സംഭവം. പുലിയാണ് ആക്രമിച്ചതെന്നാണ് സിനാന്‍ പറയുന്നത്. തലക്കും ചെവിയിലും മുറിവുണ്ട്. നഖം കൊണ്ട് നെഞ്ചിലും മുറിവായിട്ടുണ്ട്. ആദ്യം നാദാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിനാനെ പിന്നീട് വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാര്‍ പ്രദേശത്ത് നടത്തിയ തിരച്ചിലിനിടയിലും പുലിയെപോലുള്ള ജീവിയെ കണ്ടിരുന്നു. വന്യജീവിയുടെ ദൃശ്യങ്ങളും പ്രദേശവാസികള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. പുലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നതെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വനംവകുപ്പ് നല്‍കിയിട്ടില്ല. പ്രദേശത്ത് കൂട് സ്ഥാപിച്ച് അജ്ഞാതജീവിയെ പിടിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
.jpg)

