നിയമസഭ കയ്യാങ്കളിക്കേസ് ; വിചാരണ നവംബര്‍ മൂന്നിന് തുടങ്ങും

NIYAMASABHA

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്, കേരള നിയമസഭയ്ക്ക് നാണക്കേടായ കയ്യാങ്കളി ഉണ്ടാകുന്നത്

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിന്റെ വിചാരണ നവംബര്‍ മൂന്നിന് ആരംഭിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുക. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്, കേരള നിയമസഭയ്ക്ക് നാണക്കേടായ കയ്യാങ്കളി ഉണ്ടാകുന്നത്.കയ്യാങ്കളി നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. 

കേസിലെ ഒന്നാം സാക്ഷിയും നിയമസഭ സെക്രട്ടറിയുമായിരുന്ന ശാര്‍ങ്ഗധരനെ കോടതി വിസ്തരിക്കും.കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള്‍, ഡിവിആര്‍ പകര്‍ത്തിയ എഞ്ചിനീയര്‍ എന്നിവരെയും വിസ്തരിക്കും. കേസിന്റെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സന്തോഷ് കുമാറിനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. 

പൊതുമുതല്‍ നശിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് പ്രതികളായ ഇടതുപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.സ്പീക്കറുടെ വേദിയിൽ അതിക്രമിച്ചുകയറി കസേര, കംപ്യൂട്ടറുകൾ, മൈക്ക്, ഇലക്ട്രോണിക് പാനലുകൾ എന്നിവ തകർത്ത് 2,20,093 രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് കേസ്. മുൻമന്ത്രിമാരായ വി ശിവൻകുട്ടി, കെ ടി ജലീൽ, ഇ.പി.ജയരാജൻ, കെ അജിത്, കെ കുഞ്ഞഹമ്മദ് മാസ്റ്റർ, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികൾ. കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി, വിചാരണ നേരിടാന്‍ ഉത്തരവിടുകയായിരുന്നു.

Tags