നിയമസഭാ തെരഞ്ഞെടുപ്പ് ; വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി

police

 തിരുവനന്തപുരം : കേരള നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി വിപുലമായ സുരക്ഷാ സജ്ജീകരണങ്ങൾ പൂർത്തിയായതായി പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്ര ശേഖർ അറിയിച്ചു. സംസ്ഥാനത്തെ ആകെ 30,471 പോളിംഗ് ബൂത്തുകളിലായി 76,203 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിൽ 28,209 സ്പെഷ്യൽ പോലീസ് ഓഫീസർമാരും ഉൾപ്പെടുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ 154 ഇലക്ഷൻ സബ് ഡിവിഷനുകളായി തിരിച്ചിട്ടുണ്ട്. പ്രത്യേകിച്ചും അതീവ ജാഗ്രത വേണ്ട 2,500 ക്രിട്ടിക്കൽ പോളിംഗ് ബൂത്തുകളിൽ കനത്ത സുരക്ഷ ഉറപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു കഴിഞ്ഞു.

കേരള പോലീസിന് പുറമെ കേന്ദ്ര സേനയുടെ 140 കമ്പനികളും തമിഴ്‌നാട് പോലീസിന്റെ 20 കമ്പനികളും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സംസ്ഥാനത്തെത്തിയിട്ടുണ്ട്. ലോക്കൽ പോലീസിനൊപ്പം സ്പെഷ്യൽ യൂണിറ്റുകളും വിവിധ ബറ്റാലിയനുകളും സുരക്ഷാ ചുമതലകളിൽ പങ്കുചേരും. വോട്ടെടുപ്പ് സുഗമമായും സുതാര്യമായും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാവിധ മുൻകരുതലുകളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാനത്തുടനീളം കർശനമായ പരിശോധനകളും നിരീക്ഷണവും തുടരുകയാണ്.

Tags