കരണിയിലെ കൊലപാതകശ്രമം; അക്രമിസംഘത്തിലെ എട്ടാമനെയും പിടികൂടി

google news
sdh

വയനാട് : : കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ അക്രമിസംഘത്തിലെ എട്ടാമനെയും സാഹസികമായി വയനാട് ജില്ലാ പോലീസ് പിടികൂടി. ഒളിവില്‍ കഴിയുകയായിരുന്ന എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ചെല്ലപ്പുറത്ത്് വീട്ടില്‍ സി. ജാഷിര്‍(24)നെയാണ് കുറ്റ്യാടിയില്‍ നിന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒരു മാസത്തോളമായി രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ കുറ്റ്യാടിയിലെത്തിയതറിഞ്ഞ് നടത്തിയ നീക്കത്തിലാണ് പോലീസ് വലയിലായത്. അങ്കമാലി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊമേഴ്ഷ്യല്‍ ക്വാന്റിന്റി കഞ്ചാവ് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയ ശേഷമാണ് ഇയാള്‍ കരണിയിലെ കൃത്യത്തില്‍ പങ്കാളിയാകുന്നത്.

12.10.2023 തിയ്യതി പുലര്‍ച്ചെയാണ് മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം കരണി സ്വദേശിയും, നിരവധി കേസുകളില്‍ പ്രതിയുമായ അഷ്‌കര്‍ അലിയെ വീട്ടില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞത്. തുടര്‍ന്ന്, പോലീസ് കൃത്യമായി നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ നാല് പേരെ എറണാകുളത്ത് നിന്നും മൂന്ന് പേരെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയിരുന്നു. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശികളായ മന്നം കോക്കര്‍ണി പറമ്പില്‍ ശരത്(34), മാഞ്ഞാലി കണ്ടാരത്ത് അഹമ്മദ് മസൂദ്(27), മന്നം കോക്കര്‍ണി പറമ്പില്‍ കെ.എ. അഷ്ബിന്‍(26), കമ്പളക്കാട് കല്ലപറമ്പില്‍ കെ.എം. ഫഹദ് (28), തനി കോട്ടൂര്‍ സ്വദേശി വരതരാജന്‍(34), തേനി അല്ലിനഗരം സ്വദേശി അച്ചുതന്‍ (23), ത്രിച്ചി കാട്ടൂര്‍ അണ്ണാനഗര്‍ സ്വദേശി മണികണ്ഠന്‍ (29) എന്നിവരാണ് മുമ്പ് പിടിയിലായവര്‍. പിടിയിലായവരെല്ലാം നിരവധി കേസുകളില്‍ പ്രതികളാണ്.

അന്വേഷണ സംഘത്തില്‍ മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ ബിജു ആന്റണി, ബത്തേരി എസ്.എച്ച്.ഓ എം.എ. സന്തോഷ്, സബ് ഇന്‍സ്പെക്ടര്‍മാരായ രാംകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീൺ, ചന്ദ്രന്‍, സി.പി.ഒ ബിനോയ് തുടങ്ങിയവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags