തനിച്ചുതാമസിക്കുന്ന വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന സംഘം അറസ്റ്റിൽ;പിടിയിലായത് സഹോദരങ്ങളും സഹോദരീ ഭർത്താവും
വണ്ടൂർ: തനിച്ചുതാമസിക്കുന്ന വയോധികയെ ആക്രമിച്ച് രണ്ടു പവനോളം തൂക്കംവരുന്ന രണ്ടു സ്വർണവളകൾ മുറിച്ചെടുത്ത മൂന്നംഗസംഘത്തെ പോലീസ് അറസ്റ്റുചെയ്തു. വണ്ടൂർ അമ്പലപ്പടി സ്വദേശി പാലാംപറമ്പത്ത് നിധിൻ (30), സഹോദരൻ നിഖിൽ (28), ഇവരുടെ സഹോദരീഭർത്താവും കവർച്ചയുടെ സൂത്രധാരനുമായ അമ്പലപ്പടി പടിഞ്ഞാറേ മണ്ടാവിൽ ജിജേഷ് (39) എന്നിവരെയാണ് വണ്ടൂർ സിഐ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
tRootC1469263">സിപിഐ ബ്രാഞ്ച് സെക്രട്ടറിയാണ് ജിജേഷ്. കഴിഞ്ഞ ഡിസംബർ 22-നാണ് കേസിനാസ്പദമായ സംഭവം. അമ്പലപ്പടി ബൈപ്പാസിൽ താമസിക്കുന്ന പരേതനായ വിമുക്തഭടൻ പാലക്കത്തോട്ടിൽ വിജയകുമാറിന്റെ ഭാര്യ കെ. ചന്ദ്രമതിയുടെ (63) ആഭരണങ്ങളാണ് മൂവരുംചേർന്ന് കവർന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണവും കവർച്ചയും.
മൽപ്പിടിത്തത്തിലും വീഴ്ചയിലും പരിക്കേറ്റ ചന്ദ്രമതി താലൂക്കാശുപത്രിയിൽ ചികിത്സതേടിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നിലമ്പൂർ ഡിവൈഎസ്‍പി സാജു കെ. അബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ജിജേഷിന്റെ കടബാധ്യതകൾ തീർക്കാൻ വേണ്ടിയാണ് പ്രതികൾ കവർച്ച ആസൂത്രണംചെയ്തത്. ഓട്ടോഡ്രൈവറായ ജിജേഷ് മുൻപ് പലപ്പോഴും ചന്ദ്രമതിക്കുവേണ്ടി ട്രിപ്പ് പോയിരുന്നു. ചന്ദ്രമതി തനിച്ചു താമസിക്കുകയാണെന്നും ഇവരുടെ പക്കൽ സ്വർണാഭരണങ്ങൾ ഉണ്ടെന്നും മനസ്സിലാക്കിയ ജിജേഷ് കവർച്ചയ്ക്കുവേണ്ട പദ്ധതികൾ ആസൂത്രണംചെയ്തു. എറണാകുളത്ത് ജോലിചെയ്തിരുന്ന നിഖിലിനെ ഇതിനായി നാട്ടിലേക്ക് വിളിച്ചുവരുത്തി. രാത്രി എട്ടോടെ മൂവരും ബാറിലെത്തി മദ്യപിച്ചതിനുശേഷം ചന്ദ്രമതിയുടെ വീട്ടിലെത്തി. വീടിനു പുറകുവശത്തുള്ള വയലിലൂടെയാണ് ഇവരെത്തിയത്. പുറകുവശത്തെ വാതിലിൽത്തട്ടി ശബ്ദമുണ്ടാക്കി.
ശബ്ദംകേട്ട് വാതിൽതുറന്ന ചന്ദ്രമതിയെ ജിജേഷ് പിന്നിൽനിന്ന് വായും മൂക്കും ബലമായി പൊത്തിപ്പിടിച്ചു. നിതിൻ കൈയിൽ കരുതിയിരുന്ന കട്ടർ ഉപയോഗിച്ച് വളകൾമുറിച്ചെടുത്തു. തിരിച്ചറിയാതിരിക്കാൻ മൂവരും മങ്കി ക്യാപ്പ് ധരിച്ചിരുന്നു. തെളിവ് നശിപ്പിക്കാനായി കൃത്യത്തിനുശേഷം പരിസരത്ത് മുളകുപൊടി വിതറി. ശേഷം ബാറിനു സമീപമെത്തി കാറിൽക്കയറി രക്ഷപ്പെട്ടു. ജിജേഷിനെ വീട്ടിൽ ഇറക്കിയശേഷം സഹോദരങ്ങൾ ചന്ദ്രമതിയുടെ വീടിന്റെ പരിസരത്തിലൂടെ സ്ഥിതിഗതികൾ അറിയാനായി സ്കൂട്ടറിൽ കറങ്ങുകയുംചെയ്തു. തെളിവ് നശിപ്പിക്കാനായി മങ്കി ക്യാപ്പ് കത്തിച്ചുകളഞ്ഞു. തങ്ങളിലേക്ക് പോലീസ് എത്താതിരിക്കാനായി കൃത്യംനടത്തിയ സമയത്ത് പ്രതികൾ മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. 30-ഓളം സിസിടിവികൾ പരിശോധിച്ചും പ്രദേശവാസികളിൽ സംശയമുള്ളവരെ ചോദ്യംചെയ്തും പോലീസ് പഴുതടച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പിന്നീട് ജിജേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതിൽ പ്രതി കുറ്റംസമ്മതിച്ചു. മോഷണമുതലുമായി നിഖിലിനെ കഴിഞ്ഞദിവസം രാത്രി എറണാകുളത്തുവെച്ചാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്ഐമാരായ ഒ. വാസുദേവൻ, വി.കെ. പ്രദീപ്, സീനിയർ സിപിഒമാരായ മുഹമ്മദ് ഷിഫിൻ, കെ. റിയാസ്, സി.എം. മഹേഷ്, ടി. സജീഷ്, സ്ക്വാഡ് അംഗങ്ങൾ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
.jpg)


