ഇരിട്ടിയില്‍ കളിത്തോക്ക് ചൂണ്ടി സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ നിന്നും ഒരുലക്ഷം രൂപ കവര്‍ന്ന യുവാവ് പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ ഇരിട്ടിക്കടുത്തെ പേരട്ടയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കളിത്തോക്ക് ചൂണ്ടി കവര്‍ച്ച. ഒരു ലക്ഷം രൂപ സ്ഥാപനത്തില്‍ നിന്ന് കവര്‍ച്ച ചെയ്ത യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ടുപിടികൂടി. പേരട്ട സ്വദേശി അബ്ദുള്‍ ഷുക്കൂറാണ്‌പൊലീസിന്റെ പിടിയിലായത്.
പേരട്ട ടൗണില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയ ഫിനാന്‍സേഴ്‌സെന്ന സ്ഥാപനത്തില്‍ വ്യാഴാഴ്ച്ച വൈകിട്ട് നാലരയോടെയാണ് ഷുക്കൂര്‍ എത്തിയത്. ഇരുചക്രവാഹനത്തില്‍ ,സ്ഥലത്തെത്തിയ പ്രതി സ്ഥാപനത്തിലേക്ക് കയറി അവിടെയുണ്ടായിരുന്ന വനിതാ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഡ്രോയറില്‍ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി സ്‌കൂട്ടറില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ചു.
ഇതിനിടെ ജീവനക്കാരി ബഹളം വച്ചതോടെ തൊട്ടടുത്ത കടകളിലുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഓടിക്കൂടി പ്രതിയെ പിടികൂടുകയായിരുന്നു. പരിശോധനയിലാണ് യുവാവിന്റെ കൈവശമുണ്ടായിരുന്നത് കളിത്തോക്കാണെന്ന് വ്യക്തമായത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. ആസൂത്രിതമായ കവര്‍ച്ചയാണ് നടന്നതെന്നാണ് പൊലിസിന്റെ നിഗമനം. ഇയാള്‍ക്കു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്നു പൊലിസ് അറിയിച്ചു.